സ്വീഡനിൽ വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞു; അടച്ചുപൂട്ടിയത് 104 പള്ളികൾ

സ്റ്റോക്‌ഹോം : സ്വീഡനിൽ വിശ്വസികളുടെ എണ്ണം കുറഞ്ഞതോടെ 18 വർഷത്തിനിടെ 104 ക്രിസ്ത്യൻ പള്ളികൾ അടച്ചുപൂട്ടി. 2018-ലാണ് ഏറ്റവും കൂടുതല്‍ പള്ളികള്‍ അടച്ചുപൂട്ടിയത്. പത്ത് പള്ളികളാണ് കഴിഞ്ഞ വർഷം അടച്ചുപൂട്ടിയത്. ദേശീയ ചാനലായ എസ്‍വിടി യാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇപ്പോള്‍ 3000 പള്ളികളാണ് ചര്‍ച്ച് ഓഫ് സ്വീഡന് കീഴില്‍ ശേഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മതവിഭാഗമായ സ്വീഡിഷ് ചര്‍ച്ചില്‍ ഓരോ വര്‍ഷവും രണ്ട് ശതമാനം അംഗങ്ങളുടെ കുറവാണുണ്ടാകുന്നത്. 2018-ല്‍ സ്വീഡിഷ് ജനതയുടെ 57 ശതമാനമാണ് സ്വീഡിഷ് ചര്‍ച്ചില്‍ അംഗങ്ങളായുള്ളത്.1972-ല്‍ രാജ്യത്തെ 95 ശതമാനം ജനങ്ങളും സ്വീഡിഷ് ചര്‍ച്ചിന്‍റെ ഭാഗമായിരുന്നു.

വിശ്വാസികളുടെ എണ്ണം കുറയുന്നതോടെ പള്ളികളുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പള്ളികൾ അടച്ചുപൂട്ടേണ്ടി വരുന്നതെന്ന് ചര്‍ച്ച് ഓഫ് സ്വീഡനില്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്‍റെ ചുമതലയുള്ള മാര്‍കസ് ഡല്‍ബര്‍ഗ് പറഞ്ഞു. ഇത്തരത്തിൽ വിശ്വാസകേന്ദ്രങ്ങൾ അടച്ചുപൂട്ടുമ്പോൾ കനത്ത ദുഖമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളികള്‍ അടയ്ക്കുന്നത് പലപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ടെന്ന് ഡല്‍ബര്‍ഗ് പറഞ്ഞു. മിക്ക പള്ളികളുമായും, അതിന് കീഴിലെ കുടുംബങ്ങള്‍ക്ക് വൈകാരികമായ ബന്ധമുണ്ടാകും. അപ്പൂപ്പനും അമ്മൂമ്മയും വിവാഹിതരായ പള്ളി, അല്ലെങ്കില്‍ പിതാവിനെയോ മാതാവിനെയോ അടക്കം ചെയ്‍തത്, ഇങ്ങനെ എന്തെങ്കിലുമൊരു ബന്ധം എല്ലാവര്‍ക്കും പള്ളിയുമായി ഉണ്ടാകും. കൂടാതെ ചരിത്രപ്രധാന്യമുള്ള കെട്ടിടങ്ങളുമായിരിക്കും ചിലത്.- ഡല്‍ബര്‍ഗ് പറയുന്നു.

സ്വീഡിഷ് ചര്‍ച്ചിന് ഒരു വര്‍ഷം ഏകദേശം 50 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍‍ സഹായം ലഭിക്കുന്നത്. എന്നാല്‍ ഇത് ആകെ ചെലവിന്‍റെ കാല്‍ഭാഗം മാത്രമെ ആകുന്നുള്ളൂ. സബ്‍സിഡി നിരക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ഡല്‍ബര്‍ഗ് പറഞ്ഞു. അടച്ചുപൂട്ടിയ ചില പള്ളികള്‍ പിന്നീട് വീടുകളായും മറ്റും മാറ്റിയിട്ടുണ്ട്. ചിലത് പൊളിച്ചുകളഞ്ഞു. ചില പള്ളികള്‍ സ്‍കൂളുകളോ മ്യൂസിയമോ ആക്കി മാറ്റി. അടുത്തിടെ ഒരു പള്ളി ഒരു ചൈനീസ് ആര്‍ട്ടിസ്റ്റ് വാങ്ങിയിരുന്നു.

ആഗോള റാങ്കിങ്ങിൽ സാമ്പത്തിക മേഖലയിലും, വിദ്യാഭ്യാസ, തൊഴിൽ രംഗത്ത് യൂറോപ്പിൽ എന്നും മുന്നിലുള്ള സ്വീഡൻ സമാധാനം പുലർത്തുന്നതിലും ലോകത്ത് മുൻനിരയിലുള്ള രാജ്യമാണ്. മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്നതാണ് രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുന്നതെന്ന് യൂറോപ്പിലെ ചില ഇടതു രാഷ്ട്രീയപാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വൈകാരികമായും, ചരിത്രപരമായും പ്രാധാന്യമർഹിക്കുന്ന പള്ളികൾ പൊളിച്ചുമാറ്റുന്നത് ശരിയല്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: