ഫുട്ബോൾ താരങ്ങളെ തായ് ഗുഹയിൽ നിന്നും രക്ഷപെടുത്തുന്നതിനിടെ അണുബാധയേറ്റ സൈനികൻ മരണത്തിന് കീഴടങ്ങി

ബാങ്കോക്ക് : തായ്‍ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട ഫുട്ബോള്‍ താരങ്ങളായ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ അണുബാധയേറ്റ തായ് നാവികസേനാംഗം മരിച്ചു. ബെയ്‍റൂട്ട് പക്ബാരയെന്ന സൈനികനാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തത്തില്‍ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു. 2018 ജൂണ്‍ 23-നാണ് തായ്‍ലന്‍ഡിലെ താം ലുവാങ് നാങ് നോന്‍ എന്ന ഗുഹയില്‍ ഫുട്ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും അകപ്പെട്ടത്.

കോച്ചും കുട്ടികളും മഴയെ തുടര്‍ന്നാണ് ഗുഹിയിലേക്ക് കയറിയത്. എന്നാല്‍ പൊടുന്നനെ മഴ ശക്തമായതോടെ ഗുഹയിലേ‍ക്ക് വെള്ളം കയറി. ഇവര്‍ ഗുഹയില്‍ അകപ്പെടുകയും ചെയ്‍തു. ജൂലൈ രണ്ടിനാണ് കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടതായി കണ്ടെത്തിയത്. അതി സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ജൂലൈ പത്തിനാണ് കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത്.

മുഴുവന്‍ കുട്ടികളെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ തായ് നാവികസനേയുടെ സാഹസികതയെ ലോകം വാഴ്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ബെയ്റൂട്ട് പക്ബാരയ്ക്ക് അണുബാധയേറ്റത്. തുടര്‍ന്ന് ഇത്രയും നാള്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് മരണം. മുന്‍ തായ് നാവികസേനാംഗവും മുങ്ങല്‍ വിദഗ്‍ധനുമായ സമന്‍ ഗുനന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജൂലൈ ആറിന് മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: