പെൺ സുന്നത്ത് ; അയർലണ്ടിൽ ദമ്പതികൾക്ക് തടവ് ശിക്ഷ. 

സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തല്‍ (Female Genital Mutilation) എന്നാണ് ലോകാരോഗ്യ സംഘടന സ്ത്രീകളിലെ ചേലാകര്‍മത്തിന് നല്‍കിയിരിക്കുന്ന പേര്. പെൺ സുന്നത്ത്  ( സ്ത്രീകളുടെ ചേലാകര്‍മ്മം) നടത്തിയ കേസിൽ അയർലണ്ടിലെ ആഫ്രിക്കൻ വംശജരായ ദമ്പതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. 2 വയസ്സിൽ താഴെ പ്രായമുള്ള തങ്ങളുടെ പെൺകുട്ടിയിൽ ചേലാകർമ്മം നടത്തിയതിനാണ് ശിക്ഷ. ഭർത്താവിന് അഞ്ചര വർഷവും, ഭാര്യയ്ക്ക് നാല് വർഷവും ഒൻപത് മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്.

2012 – ലാണ് അയർലണ്ടിൽ പെൺ സുന്നത്ത്  കുറ്റകൃത്യമായതിന് ശേഷം ആദ്യമായി ശിക്ഷ ലഭിക്കുന്നത് ഇവർക്കാണ്.ക്രംലിനിലെ കുട്ടികളുടെ ആശുപത്രിയിൽ 2016 സെപ്റ്റംബറിലാണ് രക്തസ്രാവത്തെ തുടർന്ന്  പ്രവേശിപ്പിച്ച 2 വയസുകാരിയുടെ  യോനീച്ഛദം(clitoris) , ചേലാകര്‍മ്മത്തിലെ പോലെ  മുറിച്ച നിലയിൽ ഡോക്ടർമാർ കണ്ടെത്തിയത്. രക്തസ്രാവം നിർത്താൻ അടിയന്തിര ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ചേലാകർമ്മം നടത്തിയതായി തെളിവുകൾ കണ്ടതിനാൽ ഡോക്ടർമാർ ഗാർഡയെ വിവരം അറിയിക്കുക ആയിരുന്നു.

നാപ്പി ധരിക്കാതെ കളിച്ചപ്പോൾ കുട്ടി കളിപ്പാട്ടത്തിന് മുകളിൽ വീണുവെന്നായിരുന്നു മാതാപിതാക്കളുടെ വാദം. ആ വാദം കോടതി തള്ളിക്കളഞ്ഞെങ്കിലും മാതാപിതാക്കൾ സ്വയം ചേലാകർമ്മം നിർവഹിച്ചതായി കോടതിയിൽ തെളിയിക്കപ്പെട്ടില്ല. ആരുടെയോ സഹായം ഉണ്ടായിരുന്നതായും, കുട്ടിയുടെ കാര്യത്തിൽ അശ്രദ്ധ ഉണ്ടായതുൾപ്പെടെ ഉള്ള കാരണങ്ങൾ ഉയർത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പരമാവധി 14 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

ഏതാണ്ട് 5000 വർഷങ്ങളായി തുടരുന്ന പ്രാകൃത ആചാരമാണ്    പെൺ സുന്നത്ത്. ആരോഗ്യകരമായ കാരണങ്ങള്‍ക്കല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകളിലെ ചേലാകര്‍മം എന്ന് വിളിക്കുന്നത്. സ്ത്രീ ശരീരത്തിലെ ഏറ്റവും സംവേദന ക്ഷമതയുള്ള യോനീച്ഛദം ഉൾപ്പെടെ ഉള്ള ഭാഗങ്ങളാണ് പലപ്പോഴും മുറിച്ചു മാറ്റുന്നത്. 

സ്ത്രീകളെ നിയന്ത്രിക്കുകയും, അവരുടെ ലൈംഗിക വികാരങ്ങളെ ‘കടിഞ്ഞാൺ’ ഇടുകയുമാണ്  5000 വർഷങ്ങളായി പല സമൂഹങ്ങളിലും തുടരുന്ന  ഈ പ്രാകൃത ആചാരം. മതപരവും, ഗോത്രപരവും ഒക്കെയായി പിന്തുടരുന്ന ഈ ശീലം പരിഷ്‌കൃത സമൂഹത്തിൽ കുറ്റകൃത്യമായാണ് കാണുന്നത്.

അയർലണ്ടിലെ സ്ഥിതിവിവരക്കണക്ക്‌ അനുസരിച്ചു രാജ്യത്ത്  പെൺകുട്ടികളും, സ്ത്രീകളും ഉൾപ്പെടുന്ന 5790 പേർ ചേലാകർമ്മത്തിനു വിധേയം ആയിട്ടുണ്ട്. 1632 -പെൺകുട്ടികൾ വിധേയ ആകാൻ സാധ്യത ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: