യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ അതീവജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അയർലൻഡ്

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരോട് അതീവജാഗ്രത പാലിക്കാൻ ഐറിഷ് സർക്കാർ നിർദ്ദേശം നൽകി.

കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി അറിയിച്ചു.

അയർലണ്ടിൽ വൈറസ് പടരുന്നത് തടയാൻ സർക്കാർ ശ്രമിക്കുകയാണെന്നും അതിനാൽ ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളുടെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് ഉയർന്ന ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അയർലണ്ടിൽ 169 കൊറോണ വൈറസ് കേസുകളുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സ്കൂളുകൾ, കോളേജുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചു.

സാമ്പത്തികമാന്ദ്യം ബാധിച്ച ബിസിനസ്സുകളെയും തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനും സർക്കാർ നിർദ്ദേശം നൽകി.

യുഎസിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുകെ, അയർലൻഡ് ഒഴികെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജനങ്ങൾ യുഎസിലേക്ക് പ്രവേശിക്കുന്നതിനും 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: