കായിക രംഗം നിശ്ചലം ആയി; കളിക്കാരും കാണികളും വൈറസിന്റെ പിടിയിലായി

ലോകമെമ്പാടുമുള്ള മൈതാനങ്ങൾ നിശ്‌‌ചലമായി. കളികൾ നിർത്തി. കളിക്കാർ വൈറസിന്റെ പിടിയിലായി. ക്ലബ്ബുകളും പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി.  ഒളിമ്പിക്‌സ്‌ പോലും നടക്കുമോ എന്ന അനശ്‌‌ചിതത്വം ബാക്കി
ദീപശിഖ കൈമാറ്റവും ആരും കാണാതെ
ഏതൻസ്‌
ടോക്യോ ഒളിമ്പിക്‌സിനുള്ള ദീപശിഖ കൈമാറ്റം അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും.

ഗ്രീസിലെ സെൻട്രൽ ഏതൻസ്‌ സ്‌റ്റേഡിയത്തിൽ 19നാണ്‌ കൈമാറ്റ ചടങ്ങ്‌.
ഒളിമ്പിക്‌സ്‌ ആതിഥേയ രാജ്യമായ ജപ്പാന്‌ ദീപശിഖ കൈമാറും. അപൂർവമായാണ്‌ കാണികളില്ലാതെ ദീപശിഖ കൈമാറ്റം നടക്കുന്നത്‌. ഒളിമ്പിക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെയാണ്‌ ചടങ്ങ്‌.
കഴിഞ്ഞദിവസം ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപശിഖ കൊളുത്തിയത്‌.

ഗ്രീക്ക്‌ ഒളിമ്പിക്‌സ്‌ ഷൂട്ടിങ് ചാമ്പ്യൻ അന്ന കൊറകാക്കിയാണ്‌ ആദ്യം ദീപശിഖയേന്തിയത്‌. തുടർന്ന്‌ ജാപ്പനീസ്‌ മാരത്തൺ ചാമ്പ്യൻ മിസുകി നൊഗുച്ചി ഏറ്റുവാങ്ങി.  ഈ ചടങ്ങിലും കാണികളെ ഒഴിവാക്കിയിരുന്നു. പിന്നാലെ കോവിഡിനെ തുടർന്ന്‌ എട്ട്‌ ദിവസത്തെ പ്രയാണം നിർത്തിവച്ചു. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയിലെയും ജപ്പാനിലെ സംഘാടകസമിതിയിലെയും ക്ഷണിക്കപ്പെട്ടവർക്കാകും ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ജപ്പാനിൽ 121 ദിവസം പ്രയാണമാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. നിലവിലെ സാഹചര്യത്തിൽ ഈ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു.

ഒളിമ്പിക്‌സ്‌ നീട്ടണോ റദ്ദാക്കണോയെന്ന തീരുമാനം ലോകാരോഗ്യ സംഘടനയുടെ (-ഡബ്ല്യുഎച്ച്‌ഒ) നിർദേശമനുസരിച്ചാകുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി തലവൻ തോമസ്‌ ബാക്‌ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെ ഒളിമ്പിക്‌സ്‌ ഉപേക്ഷിക്കില്ലെന്നും എന്തുവില നൽകിയും നടത്താൻ തയ്യാറാണെന്ന്‌ ജപ്പാൻ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: