പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കിരീടം നേടാം എന്ന ലിവർപൂളിന്റെ മോഹം സാഫല്യമാകില്ലേ??? പ്രീമിയർ ലീഗ് റദ്ധാക്കാൻ ആലോചന

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ അടിയന്തര യോഗം വ്യാഴാഴ്‌ച ചേരും. കൊവിഡ് 19 ആശങ്ക കാരണം ലീഗ് മത്സരങ്ങള്‍ മാറ്റിവച്ച സാഹചര്യത്തിലാണ് യോഗം. ഏപ്രില്‍ മൂന്ന് വരെയുള്ള എല്ലാ മത്സരങ്ങളുമാണ് ഇതുവരെ നിര്‍ത്തിവച്ചത്.

പ്രീമിയര്‍ ലീഗ് മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം പ്രകാരം പൂര്‍ത്തിയാക്കാനാകുമോ എന്നകാര്യം സംശയമാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ചെൽസി താരം ക്വാലം ഒഡോയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലീഗ് നിര്‍ത്തിവച്ചത്. കൂടുതൽ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. മത്സരങ്ങള്‍ ഏപ്രില്‍ നാലിന് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ലെന്ന് ബ്രൈറ്റന്‍ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ ബാര്‍ബര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ എല്ലാ പ്രൊഫഷനല്‍ ഫുട്ബോള്‍ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രീമിയര്‍ ലീഗിന് പുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ്‌എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. മറ്റ് പ്രധാന ടൂര്‍ണമെന്‍റുകളായ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്‌പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

പ്രീമിയർ ലീഗ് റദ്ധാക്കിയാൽ ലിവർപൂളിന്റെ കിരീടത്തിനായുള്ള പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് ഇനിയും നീളും. മുപ്പത് വർഷം മുൻപ് 1990 യിൽ ആണ് ലിവർപൂൾ അവസാനമായി ചമ്പ്യാൻഷിപ്പ് നേടിയത്. ഈ സീസണിൽ 25 പോയിന്റ് ലീഡുമായി ചരിത്ര നേട്ടത്തിലേക്ക് കുത്തിക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി കൊറോണ വന്നത്.

കൊവിഡ് 19 മഹാമാരി പിടിപെട്ടവരുടെ എണ്ണം ലോകത്താകമാനം ഒന്നരലക്ഷം കടന്നു. ഇതുവരെ 5,839 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ കൊവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 1,140 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 21 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി.

Share this news

Leave a Reply

%d bloggers like this: