വിദേശത്തു ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരോടും മെഡിക്കൽ വിദ്യാർത്ഥികളോടും അയർലണ്ടിലേക്ക് തിരികെ എത്താനഭ്യർത്ഥിച്ച് ആരോഗ്യവകുപ്പു മന്ത്രി

അയർലണ്ടിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കോവിഡ് -19 കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചു.
പുതുതായി മെഡിക്കൽ ബിരുദം നേടിയ എല്ലാ ഡോക്ടർമാർക്കും ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ആയിരത്തിലധികം പേരാണ് ഇന്റേൺഷിപ്പിന് അർഹരായിട്ടുള്ളത്.

“നിങ്ങളുടെ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്” എന്ന സന്ദേശം ഉയർത്തിക്കാട്ടി അയർലണ്ടിലുടനീളം മെഡിക്കൽ റിക്രൂട്ട്മെന്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്.
അയർലണ്ടിൽ സ്ഥിരീകരിക്കപ്പെടുന്ന കൊറോണ വൈറസിന്റെ എണ്ണത്തിൽ ദിനംപ്രതി 30% വർദ്ധനവ് ഉണ്ടാകുന്നുവെന്ന് സർക്കാർ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

15,000 വൈറസ് കേസുകൾ രാജ്യത്ത് ഈ മാസം അവസാനത്തോടെ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതിൽ പലർക്കും ചികിത്സ ആവശ്യമില്ലെന്നും പ്രധാനമന്ത്രി  പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയുണ്ടെന്നും വരുന്ന  ആഴ്ചകളിൽ ഒരു ലക്ഷത്തോളം പേരുടെ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ 54, covid-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ 223 പേർക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ആളുകളെ റിക്രൂട്ട്‌ ചെയ്യുമെന്നും വിരമിച്ച മെഡിക്കൽ വിദഗ്ധരെയും മെഡിക്കൽ  വിദ്യാർത്ഥികളെയും ഈ യഞ്ജത്തിൽ പങ്കാളികളാക്കുമെന്നും ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

വിദേശത്ത്‌ പ്രവർത്തിക്കുന്ന അയർലണ്ടിൽ നിന്നുള്ള എല്ലാ ആരോഗ്യ പ്രവർത്തകരോടും മെഡിക്കൽ വിദ്യാർത്ഥികളോടും നാട്ടിലേക്ക് തിരികെ എത്താണമെന്നും കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പാർട്ട് ടൈം സ്റ്റാഫുകളുടെ ജോലി സമയം വർധിപ്പിക്കും. ഓവർടൈം ഡ്യൂട്ടിയുടെ സമയം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നിരവധി മാറ്റങ്ങൾ ആരോഗ്യമേഖലയിൽ നടപ്പിലാക്കും.

ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടുമെന്നും കൂടുതൽ ICU യൂണിറ്റുകൾ സജ്ജാമാക്കുമെന്നും അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും ഹാരിസ് പറഞ്ഞു. വൈറസ്‌ വ്യാപനത്തെ തടയാൻ സർക്കാർ പരമാവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: