കോവിഡ് -19 : രോഗികളെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുപ്പിക്കും

അയർലണ്ടിൽ കോവിഡ്-19 രോഗം ബാധിച്ചവരെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 രോഗികൾക്ക് ആൻറിവൈറൽ മരുന്നുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും ഉൾപ്പെടുന്ന ക്ലിനിക്കൽ ട്രയലുകൾ ചികിത്സയിൽ ഉൾപ്പെടുത്തും.

പകർച്ചവ്യാധിയെ നേരിടാനുള്ള ഗവേഷണങ്ങളുടെ ഭാഗമായി ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും അടുത്ത ആഴ്ചയിൽ ക്ലിനിക്കൽ ട്രയൽ നടത്തും. ബ്യൂമോണ്ട് ഹോസ്പിറ്റൽ, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റൽ തുടങ്ങിയ നിരവധി ആശുപത്രികളിൽ ക്ലിനിക്കൽ ട്രയൽ നടത്തും.

യുസിഡിയിലെ ഇന്റൻസീവ് കെയർ മെഡിസിൻ പ്രൊഫസറും സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ ഉപദേഷ്ടാവുമായ അലിസ്റ്റർ നിക്കോൾ ക്ലിനിക്കൽ ട്രയലിന്‌ നിർദ്ദേശങ്ങൾ നൽകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വൈറസ് ബാധിച്ച് ഐസിയുവിൽ കഴിയുന്ന രോഗികളോട് ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാനുള്ള അനുവാദം ചോദിക്കുമെന്നും പ്രൊഫസർ നിക്കോൾ പറഞ്ഞു. രോഗിക്ക് സമ്മതം നൽകാൻ കഴിയാത്ത സ്‌ഥിതിയിലാണെങ്കിൽ രോഗിയുടെ അടുത്ത ബന്ധുക്കളോട് അനുവാദം ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച രോഗികൾക്കും ബന്ധുക്കൾക്കും സന്ദർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഡോക്ടർമാർ ഫോണിലൂടെ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡ്, UK, നെതർലാന്റ്സ്, ജർമ്മനി, ബെൽജിയം, സിംഗപ്പൂർ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഗവേഷണ സംഘങ്ങൾ ക്ലിനിക്കൽ ട്രയലിൽ അവരുടെ കണ്ടെത്തലുകൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: