മാറ്റങ്ങളുടെ മാറ്റൊലിയുമായി ഒരു കുഞ്ഞൻ വൈറസ് , മായകാഴ്ചകൾ വഴിമാറുമ്പോൾ ബാക്കിയാവുന്നത് .. (സെബി സെബാസ്റ്റ്യൻ )

ശീലങ്ങൾക്കെതിരെ  ശബ്‌ദിക്കുന്നവനെ ചിലർ അഹങ്കാരി  എന്ന് വിളിക്കും , എന്നാൽ മറ്റു ചിലർ അവനെ വിപ്ലവകാരി എന്ന് വിളിക്കും .ഒരു സമൂഹത്തിൽ നിരർത്ഥകമായ  ആചാരങ്ങൾക്കെതിരെ  ശബ്ദം  ഉയർത്താൻ  ചുരുക്കം ചിലർക്കേ കഴിയു  . ഇതാ ,ഒരു പുതിയ വിപ്ലവകാരി ഉദയം ചെയ്തിരിക്കുന്നു …

      ക്ര്യസ്ത്യാനികൾ ദിവ്യമായി കാണുന്ന യേശുവിന്റെ ബലി ( കുർബാന) യെ വെറും വിഡ്ഢിപ്പെട്ടിക്കു ഉള്ളിൽ ഒതുക്കി കളഞ്ഞു ഈ വിപ്ലവകാരി ! കഴിഞ്ഞ വര്ഷം വരെ പള്ളികളിൽ  മണിക്കൂറുകൾ   ക്യുവിൽ നിന്ന് ക്രൂശിതരൂപം മുത്തിയ അച്ചായന്മാരെ ഈ വര്ഷം  പോത്തിറച്ചി വാങ്ങാനായി  നടുറോഡിൽ  മണിക്കൂറുകൾ ക്യുവിൽ നിർത്തി  ഈ   വിപ്ലവകാരി വൈറസ്.  ഈ വൈറസ് ഒരു ചെറിയ മീനല്ല . പള്ളികൾ   ഷട്ട് ഡൗൺ ചെയ്തതിനാൽ യേശുവിനെ അനുകരിച്ചു ചില അപ്പന്മാർ തങ്ങളുടെ വീടുകളിൽ ഭാര്യയുടെയും മക്കളുടെയും കാലുകൾ കഴുകി മുത്തി .അങ്ങനെ  ഈ വൈറസ് അപ്പനെക്കൊണ്ട് മക്കളുടെയും ഭാര്യയുടെയും  കാലുകൾ കഴുകിപ്പിച്ചു .ദുഃഖ വെള്ളിയാഴ്ച യേശുവിനെ അനുകരിച്ചു ഏതെങ്കിലും അപ്പന്മാർ ഏതെങ്കിലും വീടുകളിൽ കുരിശിൽ തറക്കപെട്ടു വീടിന്റെ ഭിത്തിയിൽ തൂക്കപ്പെട്ടോ  എന്നറിയില്ല .അങ്ങനെ ചെയ്തവരുണ്ടെങ്കിൽ യേശുവിനെ അനുകരിച്ചു മൂന്നാം ദിനം ഉയർക്കാൻ  ഒരു സാധ്യതയും ഇല്ല . യേശു പറഞ്ഞതും ചെയ്തതും  എല്ലാം അതേപടി അനുകരിച്ചാൽ പണി കിട്ടും..
കൈ നനയാതെ മീൻ പിടിക്കുന്ന കാര്യങ്ങൾ മാത്രമേ അനുകരിക്കാവു  , ജീവിതത്തിൽ പ്രവർത്തിക്കാവു .   ഏത് , പുടി കിട്ടിയോ? യേശു പറഞ്ഞതുപോലെ സ്വത്തൊന്നും  വിറ്റു  ദരിദ്രർക്ക് കൊടുത്തു കളഞ്ഞേക്കരുത് എന്ന്  സാരം !

             ഇപ്പോൾ ഓൺലൈൻ കുർബാനകളുടെ  ബഹളമാണ് .ടെലിവിഷൻ  തുറന്നാൽ സ്വന്തം ഇടവകയിലെയും മറ്റു പള്ളികളിലെയും കുര്ബാനകൾ മണിക്കൂറുകൾ ഇടവിട്ടു  പ്രദർശിപ്പിക്കുന്നു  .സത്യം പറഞ്ഞാൽ പാവം അത്മായർ സന്തോഷത്തിലാണ് .കാരണം ഓൺലൈൻ കുർബാനയ്ക്കു ധാരാളം പ്രയോജനങ്ങളുണ്ട് .രാവിലെ തന്നെ ഉറക്കം കളഞ്ഞു ഉടുത്തൊരുങ്ങി പള്ളിയിലേക്ക് വച്ച് പിടിപ്പിക്കേണ്ട . വിശുദ്ധമായ കുർബാനയുടെ ഇടയിൽ  ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ഭൂമിയിലെ നിക്ഷേപത്തിനായി( ദൈവവിരുദ്ധം ) പിരിവിനു പാത്രവുമായി വരുന്ന കൈക്കാരനെ കാണേണ്ട .കൂടാതെ  കുർബാന കഴിയുമ്പോൾ ഭണ്ഡാര പെട്ടിയിൽ നേർച്ച ഇടേണ്ട ( അത് ശീലമായവർക്കു മനോവിഷമം ഒഴിവാക്കാൻ ടീവി  സ്റ്റാൻഡിൽ ഒരു കാശ് കുടുക്ക വയ്ക്കാവുന്നതാണ് .).ചുരുക്കം പറഞ്ഞാൽ പത്തു പൈസയുടെ ചിലവില്ല .അച്ചന്റെ  പ്രസംഗ സമയത്തു അടുക്കളയിൽ കറി വക്കാൻ  പോകാം ,അല്ലെങ്കിൽ മുറ്റത്തെ പുല്ലു പറിക്കാൻ പോകാം . മിയാരകമായ അറിയിപ്പുകൾ ഇല്ലേ ഇല്ല . ഒരു തരത്തിലുമുള്ള ഭീഷണികൾ ഇല്ല .
സുറിയാനി ക്ര്യസ്ത്യാനികൾക്കു നീളമുള്ള പ്രാർത്ഥന ഒഴിവാക്കി 20 മിനിറ്റിൽ തീരുന്ന ലാറ്റിൻ കുർബാന കണ്ടും സായൂജ്യമടയാം ,സമയവും ലാഭം .ഇതെല്ലാത്തിനും പുറമെ കുർബാനക്ക് അച്ചന്മാരുടെ സമയത്തിനും സൗകര്യത്തിനും കാത്തുനിൽക്കേണ്ട ആവശ്യമില്ല .നമ്മുടെ  സൗകര്യത്തിനു ഇഷ്ടമുള്ള സമയത്തു ഏതെങ്കിലും ചാനൽ വച്ചാൽ കുർബാന റെഡി . ആളുകളുടെ ഇടയിലൂടെ എല്ലാവരും കാൺകെ കുമ്പസരിക്കാൻ പോകുക ,കുർബാന നാവിൽ സ്വീകരിക്കാൻ പോകുക ഇത്യാദി പരിപാടികളിൽ നിന്നും രക്ഷനേടം  .കുർബാനയുടെ അവസാനം ഫ്രീ ആയി അച്ച ന്റെ ആശിർവാദം  കിട്ടുകയും ചെയ്യും . ഇതിൽപരം  ആനന്ദലബ്ധിക്കു വേറെ എന്ത് വേണം ? .ചുരുക്കി പറഞ്ഞാൽ ഒരു ചെറിയ കഷ്ണം വിഡ്ഢി പെട്ടി ,ഇച്ചിരി കേബിൾ   കണക്ഷൻ  , ഇത്രയേ വേണ്ടു .. അനുഗ്രഹം ചറപറാ ഒഴുകുകയായി  ..!!.വീട്ടിൽ ഇരുന്നു ഈ വിധ സൗകര്യങ്ങൾ ആസ്വദിച്ചു ടെലിവിഷൻ   കുർബാന കണ്ടുകൊണ്ടിരുന്നവർ ഇനി പള്ളി തുറന്നാലും  അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നാലും അത്ഭുതമില്ല .

         ഇതെല്ലാത്തിനും പുറമെ ചില പാപങ്ങളിൽ നിന്നും രക്ഷനേടം .എങ്ങനെയെന്നല്ലേ ..?
പള്ളിയിലേക്ക് പോകുന്ന വഴിയിലും തിരിച്ചു പള്ളിയിൽ നിന്ന് വീട്ടിലേക്കു പോരുന്ന വഴിയിലും പരസ്പരം നടത്തിയിരുന്ന പരദൂഷണം പൂർണമായും ഒഴിവായി കിട്ടി . സ്ത്രീജനങ്ങൾ പള്ളിയിൽ വരാത്തതുകൊണ്ടു ചില പുരോഹിതർക്കെങ്കിലും തെറ്റായ പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ  പറ്റുന്നു .അങ്ങനെ എത്രയെത്ര പാപങ്ങളും പാപസാഹചര്യങ്ങളുമാണ്  ഈ വൈറസ്  ഒഴിവാക്കി തന്നത് .

ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്ക് ഈ കോവിഡ്  കാലത്തു ഓൺലൈൻ വെടിവഴിപാട് ആരംഭിക്കാവുന്നതായിരുന്നു .അഞ്ചു കതിനകളിൽ കൂടുതൽ ഒരേ സമയം പൊട്ടിക്കില്ലെന്നും ഈ കതിനകൾ  രണ്ടു മീറ്റർ ദൂരപരിധിയിൽ ആണ് വക്കുന്നത് എന്നും പറഞ്ഞു ഒരു കോവിഡ്  ബോധവത്കരണം കൂടി നടത്താനുള്ള അവസരമുണ്ടായിരുന്നു . കോവിഡ്  സംഹാരപൂജ , അണുനാശിനീ പൂജ ., തുടങ്ങി പലതും ഓൺലൈനായി തുടങ്ങി ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്നു .അതെങ്ങനാ,  “കാറ്റുള്ളപ്പോൾ പാറ്റണം” എന്ന പഴമൊഴി  ആ പാവങ്ങൾക്ക്  വശമില്ലാതെ  പോയി. ആചാരം ലംഘിക്കാതിരിക്കാൻ ജീവൻ വരെ കൊടുക്കുമെന്നും തന്റെ നെഞ്ചത്തുകൂടിയെ ആചാരലംഘനം അനുവദിക്കൂ  എന്നുമെല്ലാം  പറഞ്ഞു നടന്നിരുന്ന നിർഗുണഭക്തർ എത്രയെത്ര ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മുടങ്ങിപോയതു കണ്ടിട്ടും നെഞ്ചും പൂട്ടി മിണ്ടാതിരിക്കുന്നു . നവോഥാന വിപ്ലവകാരികൾക്ക്  പറ്റാത്ത പലതും ഈ വൈറസിന്  സാധിച്ചു.

        ഇസ്‌ലാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം. അവരുടെ എന്തൊക്കെ മുടങ്ങിപോയെന്നു ആർക്കും ഒരു നിശ്ചയവുമില്ല!!. മക്കയുടെയും  മദീനയുടെയും   ഷട്ടർ താഴ്ത്തി ഇട്ടിട്ടു ആഴ്ചകളായി. മോസ്‌ക്കുകൾ ശൂന്യം.. ഇതെല്ലം സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യങ്ങളായിരുന്നോ ? അല്ലാഹുവിന്റെ ആലയങ്ങൾ അടപ്പിച്ച വൈറസ് സൂക്ഷ്മ ജീവിയല്ല,ഒരു  ഭീകരജീവിയാണ്  .ഇതിനിടയിൽ പ്രാർത്ഥനക്കായി എത്തിയ ആളുകൾ പല മോസ്‌ക്കുകളിൽ നിന്നും പോലീസിന്റെ ചൂരൽ അടികൊണ്ടു ഓടുന്നതും കണ്ടു. എന്നിട്ടും ആർക്കും പരാതിയില്ല, ബന്ദില്ല, ഹർത്താലില്ല..!! 

എന്തൊരു സംയമനം ..!
എന്തൊരു ശാന്തശീലത ..!.

ബലാൽസംഗമോ കൊലപാതക കുറ്റമോ ആരോപിക്കപെട്ട പുരോഹിതരെപോലും അറസ്റ്റ് ചെയ്യാൻ    മടിച്ചിരുന്ന കേരളാപോലീസ് പള്ളിയിൽ കുർബാന ചെല്ലിയതിനു വൈദീകനെ   അറസ്റ്റു ചെയ്തു എന്ന്  പത്രത്തിൽ വായിച്ചാൽ ചിരി വരാതിരിക്കുമോ ?
കൊറോണയുടെ കളികൾ വേറെ ലെവലാണ് .

                     ഇതിനിടയിൽ ഗോദയിലേക്കിറങ്ങാൻ വെമ്പൽ കൊണ്ടിരിക്കുന്ന മല്ലന്മാരെപോലെ രണ്ടു കൂട്ടരുണ്ട് . പള്ളികളിലെ സിമിത്തേരികളിൽ അടക്കം ചെയ്യാൻ കൊണ്ട് വരുന്ന മൃതദേഹങ്ങളെ ആട്ടിയോടിക്കാനും, പള്ളികളിലെ ഗെയ്റ്റും പൂട്ടും തല്ലിപ്പൊളിച്ചു അകത്തുകയറി സർവേശ്വരനോട്  പ്രാർത്ഥിക്കാനും ( അത്  എന്ത്  തരം മാനസിക അവസ്ഥയാണെന്നു ഇതുവരെ പിടികിട്ടിയിട്ടില്ല !!) വെമ്പൽകൊണ്ടു നടക്കുന്ന രണ്ടുകൂട്ടർ -യാക്കോബായക്കാരും, ഓർത്തഡോക്സ്കാരും  . അവർക്കിത് ഇടികൾക്കിടയിലുള്ള ഇടവേളയാണ് . ആ  പാവങ്ങൾ ഇപ്പോൾ വിശ്രമിക്കട്ടെ ,വൈറസ് പോയിട്ട് എന്തൊക്കെ തല്ലിപൊളിക്കാനുള്ളതാണ് ..!!

          ആചാരങ്ങൾ എല്ലാം മനുഷ്യൻ  ഉണ്ടാക്കിയതാണെന്നും അത് മനുഷ്യൻ  തന്നെ മാറ്റിയാൽ ഇവിടെ ആകാശം ഇടിഞ്ഞു വീഴില്ലെന്നും ഇപ്പോൾ എല്ലാവര്ക്കും മനസിലായില്ലേ ?കൊറോണാനന്തരകാലം ഇനി എങ്ങനെ വിശ്വാസികളെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കും ,പേടിപ്പിച്ചാലും ഇവറ്റകൾ പേടിക്കുമോ എന്നൊക്കെയുള്ള ആശ ങ്കകൾ പേറി അരമനകളുടെ  അകത്തളങ്ങളിൽ തലചൊറിഞ്ഞു പലരും നടക്കുന്നുണ്ടാവും..
സോഷ്യൽ മീഡിയയെയും ടെലിവിഷനെയും ഒരു കാലത്തു  അവഹേളിച്ചവർക്കു ഇപ്പോൾ അവയെ ആശ്രയിക്കേണ്ടി വന്നു .ക്യാമറമാനെ പള്ളിയിൽ നിന്ന്  ഇറക്കിവിട്ടവർക്കു ഇപ്പോൾ അവരെ വിളിച്ചു പള്ളിയിൽ കയറ്റേണ്ടി  വന്നു ..അതെ കൊടുത്താൽ കൊറോണയുടെ രൂപത്തിലും തിരിച്ചു കിട്ടും ..! 

 കാലം കാത്തുവച്ച കാവ്യ നീതി. ഓർത്താൽ നന്ന്..
ഇനി എല്ലാം കഴിയുമ്പോൾ പുരോഹിതരും, മൊല്ലാക്കമാരും, മേൽ ശാന്തിമാരും കൂടി തങ്ങൾക്കു വന്നു  ഭവിച്ച  നഷ്ടം നികത്താൻ വിലക്കയറ്റവും പുതിയ  ചുങ്കങ്ങളും ആയി വരുമോ  എന്ന് മാത്രമേ കണ്ടറിയാനുള്ളു..  ഈ ആധുനിക യുഗത്തിൽ ആചാരങ്ങളുടെ പൊള്ളത്തരങ്ങൾ  തുറന്നു കാട്ടുന്നതിൽ  വിജയിച്ചത് മനുഷ്യനല്ല,  വൈറസാണ് ..വെറും വൈറസ്  .

എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികൾ ആക്കാൻ പറ്റില്ല .സത്യം വൈറസിന്റെ രൂപത്തിലും വരും.ആ  സത്യം മനുഷ്യരെ സ്വാതന്ത്രരാക്കട്ടെ ! 

Share this news

Leave a Reply

%d bloggers like this: