കോവിഡ് -19 യാത്രാനിയന്ത്രണം: റദ്ദാക്കിയ ഫ്ലൈറ്റ് ടിക്കറ്റിന്റെ പണം എയർലൈൻസ്‌ ഉപയോക്താക്കൾക്ക്‌ തിരികെ നൽകണം – യൂറോപ്യൻ കമ്മീഷൻ

കോവിഡ്-19 യാത്രാ പ്രതിസന്ധി മൂലം റദ്ദാക്കിയ ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കുകൾ യാത്രക്കാർക്ക് വിമാനക്കമ്പനികൾ തിരികെ നൽകണമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.

കൊറോണയുമായി ബന്ധപ്പെട്ടുള്ള യാത്രാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചിരുന്നു. റദ്ദാക്കിയ ടിക്കറ്റുകൾക്കായി വൗച്ചറുകൾ/ക്യാഷ് റീഇംബേഴ്സ്മെൻറ് സാധ്യതകൾ നടപ്പിലാക്കണമെന്നും യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.

ഉപയോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഇവയിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർഗരേത് വെസ്റ്റേജർ പറഞ്ഞു.

കോവിഡ് -19 മൂലം റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ചാർജുകൾ തിരികെ നൽകുന്നതിന് പകരം താൽക്കാലിക വൗച്ചറുകൾ നൽകാൻ വിമാനക്കമ്പനികൾക്ക്   അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ഉൾപ്പെടെയുള്ള 13 അംഗരാജ്യങ്ങൾ യൂറോപ്യൻ യൂണിയന് നിവേദനം നൽകിയിരുന്നു.

യൂറോപ്യൻ യൂണിയൻ റെഗുലേഷൻ 261/2014 ആക്ട് പ്രകാരം യാത്ര റദ്ധാക്കിയാൽ ഏഴ് ദിവസത്തിനുള്ളിൽ എയർലൈൻസ് പണം തിരികെ നൽകണം.

നിലവിലെ ഈ നിയമങ്ങൾ വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും അയർലൻഡ്, ബെൽജിയം, ബൾഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫ്രാൻസ്, ലാറ്റ്വിയ, മാൾട്ട, നെതർലാന്റ്സ്, പോളണ്ട്, പോർച്ചുഗൽ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ അറിയിച്ചു.

കോവിഡ് -19 മൂലമുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതുവരെ യാത്രക്കാർ സഹകരിക്കണമെന്ന് അവർ പറഞ്ഞു.
ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗ്രീൻ പാർട്ടി MEP സിയാരൻ കഫേ പറഞ്ഞു.
വിമാനക്കമ്പനികൾക്കും അതുപോലെ തന്നെ ഉപയോക്താക്കൾക്കും വളരെ ബുദ്ധിമുട്ടുള്ള സമയമാണിത്. വൗച്ചറുകൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും നിയമങ്ങൾ പാലിച്ചുതന്നെ റീഫണ്ടുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായി ഉപയോക്താക്കൾക്ക് എങ്ങനെ പണം തിരികെ നൽകണമെന്നതിനുള്ള രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ കമ്മീഷൻ വിമാനക്കമ്പനികളുടെ സമ്മർദത്തിന് വഴങ്ങാത്തതിൽ സന്തോഷമുണ്ടെന്നും ഈ തീരുമാനത്തെ അംഗീകരിക്കുന്നതായും ഡബ്ലിൻ പ്രതിനിധി പറഞ്ഞു

Share this news

Leave a Reply

%d bloggers like this: