2 മീറ്റർ ശാരീരിക അകലം പാലിക്കൽ: സ്കൂളുകളിൽ ഇളവുകൾ നൽകാമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി

പ്രൈമറി, പോസ്റ്റ്-പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിന് രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കാമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി ജോ മക് ഹഗ് അറിയിച്ചു.

സാമൂഹ്യ അകലം ഒരു മീറ്ററായി കുറച്ചാൽ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സാധാരണ സ്കൂൾ സമയത്തിന്റെ 50% സമയവും പോസ്റ്റ്-പ്രൈമറി വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും ക്ലാസ്സുകളിൽ പങ്കെടുക്കാമെന്നും മക് ഹഗ് മന്ത്രിസഭയെ അറിയിച്ചു

രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുമ്പോൾ പ്രൈമറി സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസവും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസവും മാത്രമേ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ശാരീരിക അകലം ഒരു മീറ്ററായി കുറച്ചാൽ പോലും പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഒരാഴ്ചയിലെ പകുതി പ്രവർത്തി ദിനങ്ങളും വീട്ടിൽ തന്നെ തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൈകഴുകൽ ഉൾപ്പെടെയുള്ള കർശന ശുചിത്വ മാനദണ്ടങ്ങൾ പാലിക്കുമെന്നും ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ സ്കൂളുകളിൽ പരീക്ഷിച്ച മറ്റ് ഓപ്ഷനുകളും പരിശോധിക്കുമെന്നും മക് ഹഗ് പറഞ്ഞു.

സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ സ്കൂളുകളുടെ ശുചീകരണത്തിനായി 24 മില്യൺ യൂറോയുടെ അധികചിലവ് പ്രതീക്ഷിക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിൽ നിയന്ത്രണങ്ങൾ തുടരുന്നത് പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സാധാരണ ഗതിയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കുള്ള തിരിച്ചുവരവാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മക് ഹഗ് പറഞ്ഞു.

രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ നിയമം സ്കൂളുകൾ പുനരാരംഭിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി എല്ലാ സ്കൂളുകളും എല്ലാ കുട്ടികൾക്കുമായി പ്രവർത്തനം ആരംഭിക്കുക എന്നതാണ് എന്റെയും സർക്കാരിന്റെയും മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും ലക്ഷ്യവുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് അവസാനം മുതൽ എല്ലാ കുട്ടികളും മുഴുവൻ സമയ സ്കൂളിലേക്ക് മടങ്ങുകയെന്നത് തന്റെ വ്യക്തിപരമായ മുൻഗണനയാണെന്ന് മക് ഹഗ് പറഞ്ഞു.

13 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും, ചെറുപ്പക്കാർക്ക് പൊതുവെ വൈറസ് ബാധിക്കുന്നത് എങ്ങനെയെന്നും കാണിക്കുന്ന സമീപകാല പഠനറിപ്പോർട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാരീരിക അകലനിയമത്തിലെ മാറ്റങ്ങൾ വിദ്യാഭ്യാസമേഖലയിൽ മാത്രമേ ബാധകമാകുള്ളുവെന്നും മറ്റൊരു മേഖലയിലേക്കും വ്യാപിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഠിനമായ പഠന ബുദ്ധിമുട്ടുകൾ ഉള്ളതോ വിദ്യാഭ്യാസപരമോ സാമ്പത്തികപരമോ ആയ പോരായ്മകൾ നേരിടുന്നതോ ആയ കുട്ടികൾക്ക് വേണ്ടി മൂന്ന് ഘട്ടങ്ങളായുള്ള വേനൽക്കാല വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്നും അവശ്യഘട്ടങ്ങളിൽ കുട്ടികൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കുമെന്നും മന്ത്രിസഭയിൽ ധരണയായി.

ഡൗൺ സിൻഡ്രോം ഉള്ളവർ, കാഴ്ച/ശ്രവണ വൈകല്യമുള്ളവർ തുടങ്ങി നിരവധി കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു.

ഓട്ടിസം ബാധിച്ച പഠന ബുദ്ധിമുട്ടുകൾ നേരിടുന്ന പതിനായിരത്തിലധികം കുട്ടികൾക്കും ഇത്തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കും. രണ്ടാഴ്ചയെങ്കിലും ക്ലാസുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: