പകച്ചത് കോവിഡിന് മുന്നിലല്ല, മകന്റെ ചോദ്യത്തിനുമുന്നിൽ

”കോവിഡ് വന്നാൽ അമ്മ മരിക്കുമോയെന്ന എന്റെ എട്ടുവയസ്സുകാരൻ മകന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഐസൊലേറ്റ് ചെയ്തിരുന്ന ആദ്യ ദിവസങ്ങളിൽ അവനെന്നെ കെട്ടിപ്പിടിക്കാനായി വാശിപിടിക്കുമായിരുന്നു.” -അയർലൻഡിൽ നഴ്സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹനന്റെ വാക്കുകളാണിത്. അയർലൻഡിലെ ഡബ്ലിനിൽ ഹെർമിറ്റേജ് മെഡിക്കൽ ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് പ്രിയ. ശസ്ത്രക്രിയയ്ക്കെത്തുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിച്ച് അയക്കുന്ന ജോലിയായിരുന്നു പ്രിയയ്ക്ക്. അവിടെനിന്നാണ് വൈറസ് ബാധയുണ്ടായത്.

”ഇവിടെ രോഗം സ്ഥിരീകരിച്ചാലും വീട്ടിൽ ഐസൊലേറ്റ് ചെയ്യുകയാണ് പതിവ്. ഗുരുതരാവസ്ഥയുണ്ടാകുമ്പോൾ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക. ഒരു മുറിക്കപ്പുറം മകൻ ഇഷാനും ഭർത്താവ് വിജയാനന്ദുമുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചാൽ ആ വ്യക്തി ഐസൊലേറ്റ് ചെയ്യുകയും സമ്പർക്കം പുലർത്തിയവരെ ഇടവേളകളിലായി രണ്ടുവട്ടം പരിശോധിക്കുകയും ചെയ്യുകയാണ് രീതി. രണ്ടുപ്രാവശ്യവും ഭർത്താവും മകനും നെഗറ്റീവായതാണ് ഏറെ സന്തോഷം തോന്നിയത്”-പ്രിയ പറയുന്നു.

രോഗംബാധിച്ച് ആദ്യ ആഴ്ചയിൽ ചെറിയ തലവേദന മാത്രമാണുണ്ടായത്. രണ്ടാം ആഴ്ചയോടെ ശ്വാസതടസ്സം രൂക്ഷമായി. എമർജൻസിയിൽ വിളിച്ച് പത്തു മിനിറ്റിനകം ആശുപത്രി അധികൃതർ വീട്ടിലെത്തി. മൂന്നാഴ്ചയായി ഞാൻ പോസിറ്റീവാണ്. നിലവിൽ വരണ്ട ചുമ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്.

ഇറ്റലിയിലും മറ്റും രോഗംപടരുന്നത് കണ്ടതോടെ അയർലൻഡ് സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. സ്വകാര്യ ആശുപത്രികളെല്ലാം സർക്കാർ ഏറ്റെടുത്തു. ലോക്ക്ഡൗണും കോവിഡും അയർലൻഡിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. ജോലി നഷ്ടപ്പെട്ടവർക്കും താത്കാലികമായി ജോലിയില്ലാത്തവർക്കും എല്ലാ ആഴ്ചയിലും 350 യൂറോ സർക്കാർ നൽകും. ക്വാറന്റീനിൽ ഇരിക്കുന്നവർക്കും രോഗികൾക്കും 12 ആഴ്ചയോളം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട് – പ്രിയ പറയുന്നു.

Share this news

Leave a Reply

%d bloggers like this: