കോവിഡ് കാലത്തെ രാജ്യാന്തര യാത്രക്കുള്ള ഗ്രീൻലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും

കോവിഡ് -19 വ്യാപനത്തെ തുടർന്നുള്ള രാജ്യാന്തര യാത്ര നിലവിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തി ഇതിൽ ചില ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി  അയർലണ്ടിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻലിസ്റ്റ്) തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയച്ചു.

യാത്ര ഇളവുകൾ ഞായറാഴ്ച മുതൽ തന്നെ ആരംഭിക്കും. ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാകില്ല. ഹരിത പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. കൂടാതെ അത്തരം യാത്രകൾ ചെയ്യുന്നവർ 14 ദിവസത്തെ ക്വാറന്റൈനിന് വിധേയമാകണം.

ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ജൂലൈ 9 നകം പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നവെങ്കിലും ജൂലൈ 20-ന് ശേഷം മാത്രമേ പട്ടിക  പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി പിന്നീട് അറിയിക്കുകയായിരുന്നു.

ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, ഗ്രീസ്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ പട്ടികയിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പലതും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സൂചനയുണ്ട്. കോവിഡ് വ്യാപനം വൻതോതിലുള്ള അമേരിക്കയും പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയില്ല.

ആരോഗ്യമേഖലയിലെ വിദഗ്‌ദകരുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. രണ്ടാഴ്ച കൂടുമ്പോൾ പട്ടിക അപ്‌ഡേറ്റ് ചെയ്യും. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ ക്ലസ്റ്ററുകൾ വർധിക്കുകയാണെങ്കിൽ അവയെ പട്ടികയിൽ നിന്നും നീക്കം ചെയ്യും.

അയർലണ്ടിന്റെ കോവിഡ് നിരക്ക് 4.3 ആണ്. ഏകദേശം ഇതേ രോഗ നിരക്കുള്ള രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൈപ്രസ് (3.7), ഗ്രീസ് (4.5), ഇറ്റലി (4.6), സ്ലൊവാക്യ (4.6) തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുമെന്നാണ് അറിയുന്നത്.

Share this news

Leave a Reply

%d bloggers like this: