കോവിഡ് -19 വ്യാപനം:  നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ച് അയർലൻഡ് സർക്കാർ

അയർലണ്ടിൽ കോവിഡ് -19 ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.  കഴിഞ്ഞ നാല് ദിവസത്തിനിടെ 512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ   നിലവിലെ നിയമങ്ങൾ കർശനമാക്കുന്നതോടൊപ്പം കൂടുതൽ നിയന്ത്രണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത്‌ എമർജൻസി ടീം (NPHET) നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ   പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 13 വരെയെങ്കിലും ഈ നിയന്ത്രണങ്ങൾ രാജ്യത്തുടനീളം നിലനിൽക്കും.അതിനു മുമ്പ് ദീർഘകാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു.

വീടുകളിൽ നടക്കുന്ന ഒത്തുചേരലുകളിൽ ഒരേ സമയം ആറ് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

200 പേർക്ക് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന ഔട്ട്‌ഡോർ പാർട്ടികളിൽ ഇനി മുതൽ 15 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.  ഇൻഡോർ ഇവന്റുകളിൽ ആറ് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

വിവാഹങ്ങൾക്ക്  50 പേർക്ക് പങ്കെടുക്കാം. റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷണം വിളമ്പുന്ന ബാറുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം. എന്നാൽ രാത്രി 11.30 വരെ മാത്രമേ പ്രവർത്തനം പാടുള്ളൂ.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, സ്വകാര്യ ഹൗസ്പാർട്ടികൾ തുടങ്ങിയ സാമൂഹിക ഒത്തുചേരൽ നടക്കുന്ന ഇടങ്ങളിൽ  ഗാർഡയുടെ നിരീക്ഷണം വർധിപ്പിക്കും

കഴിയുന്നതും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തൊഴിലാളികൾ ശ്രമിക്കണം. അതിനുള്ള സാധ്യത തൊഴിൽ ദാതാക്കൾ നൽകുകയും വേണം.
അത്യാവശ്യ യാത്രകൾ ഒഴികെയുള്ള മറ്റ് യാത്രകൾ ഒഴിവാക്കണം. കഴിവതും  പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കണം.

കാറിൽ യാത്ര ചെയ്യുന്നവർ ഒരു കുടുംബത്തിലെ അംഗങ്ങൾ അല്അല്ലെങ്കിൽ ലേങ്കിൽ ഫേസ്മാസ്ക് ഉപയോഗിക്കണം.
സ്കൂളുകളുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ മാറ്റമില്ലാതെ തുടരും.

വിമാനത്താവളങ്ങളിലെ കോവിഡ് -19 പരിശോധന കൂടുതൽ കർശനമാക്കും.  വിദേശത്തു നിന്നും എത്തുന്നവർക്കുള്ള ലോക്കേറ്റർ ഫോമുകൾ ഈ ആഴ്ച മുതൽ ഓൺലൈനിൽ ലഭിക്കും. ഐസൊലേറ്റ് ചെയ്തവരുമായി ആശയവിനിമയം തുടരുന്നതിനുള്ള ഫോളോഅപ്പ് കോളുകളുടെ എണ്ണം വർദ്ധിപ്പിക്കും.

കായിക മത്സരങ്ങളിൽ കാണികളെ  അനുവദിക്കില്ല. കൂടാതെ മത്സരങ്ങൾക്ക്‌ മുമ്പും ശേഷവുമുള്ള സാമൂഹിക ഒത്തുചേരലുകൾ കർശനമായി ഒഴിവാക്കും. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കായിക പരിശീലനം തുടരാം.

70 വയസ്സിനു മുകളിലുള്ളവർ കഴിവതും വീടുകളിൽ തന്നെ തുടരണം. സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തണം. പൊതുഗതാഗതം ഒഴിവാക്കണം.
നിർദ്ദേശിച്ചിട്ടുള്ള സമയങ്ങളിൽ മാത്രമേ  ഷോപ്പിംഗ് നടത്താൻ പാടുള്ളൂ.
70 വയസ്സിനു മുകളിലുള്ളവരും  ആരോഗ്യനില മോശമായവരും ഹോട്ടലുകളിലെ താമസം ഒഴിവാക്കണം.

Share this news

Leave a Reply

%d bloggers like this: