കോവിഡിനൊപ്പം ജീവിക്കാം : പുതിയ റോഡ്‌മാപ്പ് ഉടൻ പ്രഖ്യാപിക്കും, വിദ്യാഭ്യാസ മേഖലക്ക് മുൻ‌ഗണന

കോവിഡ്-19 നെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കും. അതിനായുള്ള അടുത്ത ഘട്ട റോഡ്മാപ്പ് ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്‌.

‘ലിവിംഗ് വിത്ത് കോവിഡ്’ എന്നതാകും ഈ ഘട്ടത്തിൽ സർക്കാർ നടപ്പിലാക്കുക. പുതിയ റോഡ്‌മാപ്പിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം പൂർണ്ണമായും പുനരാരംഭിക്കുന്നതിന് മുൻ‌ഗണന നൽകും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പബ്ബുകൾ, വിമാന യാത്ര, സ്‌പോർട്‌സ് തുടങ്ങിയ വിഷയങ്ങളെക്കാൾ കൂടുതൽ വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നൽകും. പ്രവർത്തനമാരംഭിച്ചതും ഇനി പ്രവർത്തനം ആരംഭിക്കേണ്ടതും തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൂർണ്ണമായ തുറക്കൽ പദ്ധതിക്കാകും സർക്കാർ മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മുന്നോട്ടുള്ള ജീവിതസാധ്യത വിദ്യാഭ്യാസത്തെയും പഠനത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പകർച്ചവ്യാധിയെപ്പോലും വകവയ്ക്കാതെ രാജ്യത്തെ സ്കൂളുകൾ പ്രവർത്തനമാരംഭിച്ചത്. കുട്ടികളെ സ്കൂളുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സർക്കാർ അങ്ങേയറ്റം ശ്രമിക്കുന്നുമുണ്ട്.

സർവ്വകലാശാലകളിലേയും സാങ്കേതിക സർവ്വകലാശാലകളിലേയും വിദ്യാർത്ഥികൾക്കു വേണ്ടിയും സർക്കാർ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൊതുജനാരോഗ്യ സ്ഥിതികൾ എങ്ങനെയാണെന്ന് ജനങ്ങളെ അറിയിക്കുന്നതിന് 5 ലെവൽ കളർ-കോഡെഡ് സംവിധാനവും ഈ ഘട്ടത്തിൽ നടപ്പിലാക്കും.

പുതിയ പദ്ധതിയുടെ മറ്റൊരു പ്രധാനലക്ഷ്യം സാമൂഹ്യ സമ്പർക്കങ്ങൾ കുറയ്ക്കുന്നതായയിരിക്കും. ഇനിയുള്ള ദിവസങ്ങൾ സർക്കാരിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിനിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് മെഡിക്കൽ ഓഫീസറുമായി ചർച്ചകൾ നടത്തും. ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ കൈകൊള്ളുകയുള്ളെന്നും പ്രാധാനമന്ത്രി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: