UN പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഐക്യരാഷ്ട്ര (UN) പൊതുസഭയുടെ 75-ാം സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ അഭിസംബോധന ചെയ്തു. കോവിഡ് -19 നെ നേരിടാൻ ബഹുമുഖ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ലോകനേതാക്കളോട് അഭ്യർത്ഥിച്ചു.

നമ്മളിൽ അതിശക്തരായവർക്ക് പോലും പകർച്ചവ്യാധിയെ ഒറ്റയ്ക്ക് നേരിടാൻ സാധിച്ചില്ല. ഏതു പ്രതിസന്ധിയെയും മറികടക്കാൻ കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും UN പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ അറിയിച്ചു.

രാജ്യങ്ങളെ, പൗരന്മാരെ, സമ്പദ്‌വ്യവസ്ഥയെ, നമ്മുടെ മുഴുവൻ ജീവിതരീതികളെപ്പോലും പകർച്ചവ്യാധി സാരമായി ബാധിച്ചു. ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുള്ള രാജ്യങ്ങളെ സംരക്ഷിക്കാനും അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവയാൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ സംരക്ഷണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മനുഷ്യരാശിയുടെ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് പകർച്ചവ്യാധിയുടെ ഘട്ടത്തിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി ബാധിച്ചവർക്ക് ചികിത്സയും മറ്റ് അവശ്യ സേവനങ്ങളും നൽകുന്നതിനായി പരിശ്രമിച്ച ആരോഗ്യ മേഖലയിലെ മുൻനിര തൊഴിലാളികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.

196 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പങ്കെടുത്തു.
ഈ വർഷത്തെ ഐക്യരാഷ്ട്ര പൊതുസഭ കോവിഡ് -19 ന്റെ നിഴലിലാണ് യോഗം ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2021 ജനുവരിയോടു കൂടി UN സുരക്ഷാ സമിതിയിൽ അയർലൻഡ് അംഗമാകുമെന്നാണ് സൂചന. അംഗത്വം ലഭിക്കുന്നതിന് നാലു മാസം മുൻപുള്ള സമ്മേളനമാണിതെന്ന പ്രതേകതയും ഈ സമ്മേളനത്തിനുണ്ട്.

Share this news

Leave a Reply

%d bloggers like this: