ക്യാറ്റ് ക്യു വൈറസ്: ചൈനയ്ക്കും വിയറ്റ്നാമിനും പിന്നാലെ ഇന്ത്യയിലും ഭീഷണി

ചൈന വിയറ്റ്നാമം എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മാരകമായ വൈറസ് ആണ് ക്യാറ്റ് ക്യു വൈറസ് ( സിക്യൂവി). ഈ അപകടകരമായ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിലുമുണ്ടെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 883 സെറം സാമ്പിളിൽ രണ്ടെണ്ണത്തിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തി. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലാണ് പരിശോധിച്ചത്.

ഇന്ത്യയിൽ ഇതുവരെ മനുഷ്യരിലോ മൃഗങ്ങളിലോ വൈറസിനെ കണ്ടെത്തിയിരുന്നില്ല. ചില ഏഷ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ ഉള്ളതിനാൽ ഇന്ത്യക്കും ഭീഷണിയുണ്ട്‌. 2017ലാണ് ഐസിഎംആർ വൈറസിനെക്കുറിച്ച് പഠനം ആരംഭിക്കുന്നത്. കർണാടകത്തിൽനിന്ന് 2014ലും 2017ലും ശേഖരിച്ച സാമ്പിളിലാണ് വൈറസ്‌ ആൻഡിബോഡി കണ്ടെത്തിയത്‌.

വളർത്തുപക്ഷികളിലും സസ്‌തനികളിലുമാണ്‌ വൈറസ്‌ കൂടുതലായുള്ളത്‌‌. കൊതുകുകളിലൂടെയും മറ്റും ഇവ മനുഷ്യരിലേക്ക്‌ പടരും. ചൈനയിൽ ക്യൂലക്സ് കൊതുകുകളിലും വിയറ്റ്‌നാമിൽ പന്നികളിലും ക്യാറ്റ് ക്യു വൈറസ് കണ്ടെത്തി. വൈറസ് ബാധിച്ചാൽ കടുത്ത പനി, മസ്തിഷ്‌ക ജ്വരം, മസ്തിഷ്‌ക വീക്കം എന്നിവയ്‌ക്ക്‌ സാധ്യത‌. കോവിഡിനെപ്പോലെ ലക്ഷണങ്ങളില്ലാത്ത അവസ്ഥയോ ചെറിയ ലക്ഷണങ്ങളോ ഗുരുതരാവസ്ഥയോ സംഭവിക്കാം

Share this news

Leave a Reply

%d bloggers like this: