യൂറോപ്യൻ യൂണിയന്റെ യാത്രാ നയം സ്വീകരിച്ചില്ലെങ്കിൽ റയാനെയറിന്റെ വിമാനങ്ങൾ ഇനി പറക്കില്ല

കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ വിമാനയാത്രകൾക്ക് ആഗോള തലത്തിൽ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകൾക്കായി നിരവധി പദ്ധതികളാണ് വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് അയർലൻഡ് സർക്കാർ ഗ്രീൻലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

എന്നാൽ വിമാനയാത്രകളുമായി ബന്ധപ്പെട്ടുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ നയം അയർലൻഡ് സർക്കാർ സ്വീകരിക്കണമെന്നതാണ് നിലവിൽ ഉയർന്നു വരുന്ന ആവശ്യം. റയാനെയർ വിമാനകമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

യൂറോപ്യൻ യൂണിയന്റെ യാത്രാ ചട്ടങ്ങൾ അയർലൻഡ് പൂർണ്ണമായും അംഗീകരിക്കണം. ഇല്ലാത്ത പക്ഷം ഈ മാസം അവസാനത്തോടെ കോർക്ക്, ഷാനൻ വിമാനത്താവളങ്ങളിലെ പ്രവർത്തങ്ങൾ  നിറുത്തലാക്കുമെന്ന് റയാനെയർ  അറിയിച്ചു.

യാത്രചട്ടം അംഗീകരിച്ചില്ലെങ്കിൽ കോർക്കിലെയും ഷാനനിലെയും വിമാനത്താവളങ്ങൾ ഒക്ടോബർ 13 ന് അടയ്ക്കും. അടുത്ത വർഷം ഏപ്രിൽ 1-വരെ ഈ വിമാനത്താവളങ്ങൾ പ്രവർത്തന രഹിതമായി തന്നെ തുടരുമെന്നും അവർ അറിയിച്ചു. ഗതാഗത വകുപ്പുമന്ത്രി ഇമോൺ റിയാനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞു.

വിമാന യാത്രകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എയർലൈൻ വ്യവസായത്തെ സാരമായി ബാധിച്ചു. അതിനാൽ കമ്പനി മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കണമെന്നും റയാനെർ വക്താവ് അറിയിച്ചു.

ഈ മാസം 15-ന് ചേരുന്ന യൂറോപ്യൻ യൂണിയൻ മന്ത്രിസഭ EU യാത്ര നയം അംഗീകരിക്കും. കോവിഡ് -19 കേസുകളുടെ നിരക്കിനെ ആശ്രയിച്ച് രാജ്യങ്ങളെ രണ്ട് സോണുകളായി തിരിക്കും. ഗ്രീൻ, ഓറഞ്ച്/റെഡ് എന്നിങ്ങനെ ആകും വേർതിരിക്കുക.

വിമാനയാത്രക്കുള്ള നിലവിലെ നിയന്ത്രണങ്ങൾ സർക്കാർ എടുത്തുകളയണം. ഇല്ലെങ്കിൽ കോർക്ക്, ഷാനൻ വിമാനത്താവളങ്ങൾ അടയ്ക്കുമെന്ന് റയാനെയർ വിമാനകമ്പനി സെപ്റ്റംബറിലും അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചില്ല.

റയാനെർ മുന്നോട്ടുവച്ച പുതിയ നിർദ്ദേശത്തെക്കുറിച്ച് സർക്കാർ തലത്തിൽ നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയന്റെ പുതിയ യാത്രാ ചട്ടങ്ങൾ അയർലൻഡ് സർക്കാർ സ്വീകരിക്കുകയാണെങ്കിൽ നിലവിലുള്ള ഗ്രീൻ ലിസ്റ്റ് ഉപയോഗശൂന്യമാകും.

Share this news

Leave a Reply

%d bloggers like this: