ഡെലിവറി ഡ്രൈവറുടെ മരണം: കൗമാരക്കാരൻ അറസ്റ്റിൽ

ബ്രസീലിയൻ സ്വദേശിയായ കോർട്ടസ് (28) ന്റെ മരണത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള ഊർജിത അന്വേഷണത്തിലാണ് ഗാർഡ.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിനുശേഷമാണ് യുവാവിനെ ഗാർഡ അറസ്റ്റു ചെയ്തത്. ഈ കേസിൽ ഗാർഡ അറസ്റ്റു ചെയ്യുന്ന ആദ്യ പ്രതിയാണ് ഇയാൾ. കോർട്ടസിനെ ഇടിച്ച കാറിന്റെ ഡ്രൈവർ ആണെന്ന് സംശയിക്കുന്ന ഒരാളെ ഗാർഡ മുൻപ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ക്രിമിനൽ ജസ്റ്റിസ് ആക്ട് നാലാം വകുപ്പ് പ്രകാരം ഇയാളെ സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 31 തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി 10.30 ഓടെ നോർത്ത് വാൾ ക്വേയിൽ വച്ച് ഡെലിവറി ജോലി ചെയ്യുന്ന കോർട്ടസിനെ കാറിലെത്തിയ ഒരു സംഘം ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.
കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് കോർട്ടസ് സൈക്കിളിൽ ഭക്ഷണം എത്തിക്കുന്ന ജോലി ആരംഭിച്ചത്.

കൂട്ടിയിടിക്കുശേഷം കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നീട് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അടിയന്തര പാരാമെഡിക്കൽ സംഘത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നു. കൂടുതൽ ചികിത്സയ്ക്കായി കോർട്ടസിനെ ആംബുലൻസിൽ മാറ്റർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ സെപ്റ്റംബർ 2 ബുധനാഴ്ച ആശുപത്രിയിൽ വച്ച് തന്നെ അദ്ദേഹം മരിച്ചു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ ഡബ്ലിന്റെ വടക്കൻ നഗരമായ കാസിൽഫോർബ്സ് സ്‌ക്വയറിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഗാർഡ ഒരു കാർ പിടിച്ചെടുത്തിരുന്നു. കോർട്ടസിനെ ഇടിച്ച കാറാണിതെന്നാണ് ഗാർഡയുടെ നിഗമനം.

അപകടം നടന്നയുടനെ ഗാർഡ അന്വേഷണം ആരംഭിച്ചിരുന്നു. കോട്ട്സ് മരിച്ചതിനുശേഷം ഇത് കൂടുതൽ ശക്തമായി. ഡ്രൈവെറെ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സ്റ്റോർ സ്ട്രീറ്റിലെ ഗാർഡ പറഞ്ഞു. അപകടം സമയത്ത് ഡ്രൈവറെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി കാറിൽ ഉണ്ടായിരുന്നുവെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഗാർഡ പറഞ്ഞു.

സ്ക്രാപ്പ് ചെയ്ത കാർ പ്രാദേശിക യുവാക്കൾ വാങ്ങിയതാണെന്നും കൂട്ടിയിടിക്കു മുൻപ് അമിതവേഗതയിൽ ഓടിച്ചിരുന്നതായുമുള്ള സൂചന ഗാർഡയ്ക്ക് ലഭിച്ചിട്ടുണ്ട്. വടക്കൻ നഗരത്തിലെ സി.സി.ടി.വി. സിസ്റ്റങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ഈ വാഹനത്തിന്റെ ദൃശ്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: