612,000 കടന്ന് ഔട്ട്‌പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റ്…… ഈ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമോ?

അയർലണ്ടിൽ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ആശുപത്രി പരിചരണങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 612,000 കടക്കുകയാണ്. ഇതിൽ 45,000 പേർ കുട്ടികളാണെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ട് (എൻ‌.ടി‌.പി‌.എഫ്.) ഒക്ടോബർ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 612,817 പേരാണ് ഔട്ട്പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം ഇന്നുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് കുത്തിക്കുകയാണ്.

കഴിഞ്ഞ വർഷം മുതൽ വെയിറ്റിംഗ് ലിസ്റ്റ് ഏകദേശം 45,600 വർദ്ധിച്ചു. 2019 ഒക്ടോബർ അവസാനം പരിചരണത്തിനായി കാത്തിരുന്നവരുടെ എണ്ണം 567,000 ത്തിലധികം ആയിരുന്നു.

അയർലണ്ടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളായ കോർക്ക്, സൗത്ത് ടിപ്പററി, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഡബ്ലിൻ, കിൽഡെയർ, വെസ്റ്റ്മീത്ത്, കിൽകെന്നി, വെക്സ്ഫോർഡ് എന്നിവിടങ്ങളിലെ നിരവധി ആശുപത്രികൾ ഉൾപ്പെടുന്ന അയർലൻണ്ടിന്റെ കിഴക്കൻ പ്രദേശങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല.

പോർട്ട്‌ലോയിസിലെയും തുല്ലാമോറിലെയും മിഡ്‌ലാന്റ് റീജിയണൽ ഹോസ്പിറ്റലുകളും ഡബ്ലിൻ, കിൽ‌ഡെയർ, ഓഫാലി എന്നിവിടങ്ങളിലെ ആശുപത്രികൾ ഉൾപ്പെടുന്ന ഡബ്ലിൻ മിഡ്‌ലാന്റ്സ് ഹോസ്പിറ്റൽ ഗ്രൂപ്പുകളിലും ഈ സ്ഥിതി തന്നെയാണ് ഉള്ളത്.

മൊത്തത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി വെയിറ്റിംഗ് ലിസ്റ്റുകളിൽ 844,000-ത്തിലധികം ആളുകൾ അയർലണ്ടിലുണ്ട്.

ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്‌സ് അസോസിയേഷൻ (ഐ‌.എച്ച്‌.സി‌.എ.) ഒഴിവുള്ള 500 കൺസൾട്ടേഷൻ കേന്ദ്രങ്ങൾ രോഗികൾക്കായി മുന്നോട്ടു വയ്ക്കുന്നുണ്ട്.

വേണ്ടത്ര ആശുപത്രി കൺസൾട്ടന്റുകളും നൂറുകണക്കിന് സ്ഥിരം കൺസൾട്ടൻറ് തസ്തികകളും ഉപയോഗിച്ച് രോഗികൾക്ക് സമയബന്ധിതമായി ആശുപത്രി പരിചരണം നൽകണമെന്ന അടിസ്ഥാന ആവശ്യകത സർക്കാരിന് അവഗണിക്കാനാവില്ലെന്ന് ഐ‌.എച്ച്‌.സി‌.എ. പ്രസിഡന്റ് പ്രൊഫസർ അലൻ ഇർ‌വിൻ പറഞ്ഞു.

കൺസൾട്ടന്റ് തസ്തിക നികത്തുന്നതിനു പുറമേ, കോവിഡ് -19 ഇതര രോഗികൾക്കും കോവിഡ് -19 രോഗികൾക്കും അത്യാവശ്യ പരിചരണം നൽകുന്നതിനായി ആശുപത്രി ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും ഇർവിൻ പറഞ്ഞു.

2016 ഒക്ടോബറിൽ ഔട്ട്‌പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം 438,931 ആയിരുന്നു. ഇത് 2019 സെപ്റ്റംബറോടെ 567,221 ആയി വളർന്നു. ഇപ്പോൾ ഇത് 612,817 ആയി വർദ്ധിച്ചുവെന്നും Sinn Féin-ന്റെ ആരോഗ്യ വക്താവ് ഡേവിഡ് കുള്ളിനെയ്ൻ പറഞ്ഞു.

2016 ൽ 18 മാസമോ അതിൽ കൂടുതലോ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 26,796-ൽ നിന്ന് 153,872 ആയി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 127,076 രോഗികളുടെ വർധനവ്.

ഇൻപേഷ്യന്റ് നടപടിക്രമത്തിനായി 18 മാസമോ അതിൽ കൂടുതലോ കാത്തിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 4,733 ആയിരുന്നു. ഈ വർഷം ഇത് 8,498 ആയി ഉയർന്നു.

Share this news

Leave a Reply

%d bloggers like this: