നിക്ഷേപവും വായ്പയും തമ്മിലുള്ള അന്തരം അയര്‍ലണ്ടിലെ ക്രെഡിറ്റ് യൂണിയനുകള്‍ക്ക് വെല്ലുവിളി: സെന്‍ട്രല്‍ ബാങ്ക്

രാജ്യത്തെ ക്രെഡിറ്റ് യൂണിയനുകളിലെ ആകെ സമ്പാദ്യത്തില്‍ 7% വര്‍ദ്ധനയുണ്ടായതായി സെന്‍ട്രല്‍ ബാങ്ക്. 2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ഇത്. കൊറോണ ബാധയെത്തുടര്‍ന്ന് രാജ്യമാകെ നിക്ഷേപം, സമ്പാദ്യം എന്നിവ വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണിതെന്നും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.

അതസമയം നിക്ഷേപവും വായ്പയും തമ്മിലുള്ള അന്തരം ക്രെഡിറ്റ് യൂണിയനുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായും സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി.

ക്രെഡിറ്റ് യൂണിയനില്‍ നിക്ഷേപം നടത്തിയ പല വന്‍കിട ബിസിനിസുകളും വളര്‍ച്ച പ്രാപിക്കാഞ്ഞതും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പല യൂണിയനുകളും ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമായും ലയിച്ചതും രാജ്യമാകെയുള്ള ക്രെഡിറ്റ് യൂണിയനുകള്‍ക്ക് തിരിച്ചടിയായി.

2020ലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ രണ്ടിലൊന്ന് ക്രെഡിറ്റ് യൂണിയനുകള്‍ക്കും 100 മില്യണ്‍ യൂറോയെങ്കിലും ആസ്തിയുണ്ട്. 2019ല്‍ 60%ത്തില്‍ താഴെ യൂണിയനുകള്‍ക്ക് മാത്രമേ 100 മില്യണ്‍ ആസ്തി ഉണ്ടായിരുന്നുള്ളൂ. അതേസമയം 40 മില്യണ്‍ യൂറോയില്‍ കുറവ് ആസ്തിയുള്ള ക്രെഡിറ്റ് യൂണിയനുകളുടെ വളര്‍ച്ച വീണ്ടും കീഴ്‌പോട്ടാണ്.

സേവിങ്‌സ് യൂണിയനുകളിലെ ആകെ നിക്ഷേപം 2020 സെപ്റ്റംബര്‍ വരെ 16.3 ബില്യണാണെന്നാണ് കണക്ക്. 2019-ല്‍ ഇത് 15.3 ബില്യണ്‍ ആയിരുന്നു. ഉപഭോക്താവിന്റെ ശരാശരി നിക്ഷേപ തുക 4,400 യൂറോയില്‍ നിന്നും 4,700 ആയി വര്‍ദ്ധിക്കുകയും ചെയ്തു. പക്ഷേ പലിശനിരക്ക് കുറഞ്ഞത് കാരണം നിക്ഷേപത്തിന് ലഭിക്കുന്ന വരുമാനം 0.9%ല്‍ നിന്നും 0.7% ആയി കുറഞ്ഞിട്ടുണ്ട്.

അതേസമയം ക്രെഡിറ്റ് യൂണിയനുകളില്‍ നിന്നും വായ്പ എടുക്കുന്നത് കുറഞ്ഞത് യൂണിയനുകളുടെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കോവിഡ് ബാധയും ബ്രെക്‌സിറ്റും ഇതിന് കാരണമായി. ഇത് തുടരുന്നത് പല യൂണിയനുകളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ഇത് മറികടക്കാനായി നിലവിലെ വായ്പാ ശേഷിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് വേണ്ടി സുരക്ഷിതമായ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ക്രെഡിറ്റ് യൂണിയന്‍സ് റജിസ്ട്രാര്‍ Patrick Casey നിര്‍ദ്ദേശിച്ചു.

വായ്പയെടുക്കലില്‍ 2020ലുണ്ടായ കുറവ് അപ്രതീക്ഷിതമല്ലെന്നാണ് Irish League Credit Union പ്രതികരിച്ചത്. ഇതിനെ അഭിമുഖീകരിക്കാനുള്ള ശേഷി യൂണിയനുകള്‍ക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐറിഷ് സര്‍ക്കാരുമായി ചേര്‍ന്നുള്ള State Savings പദ്ധതിയില്‍ ക്രെഡിറ്റ് യൂണിയനുകളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് Credit Union Development Association സിഇഒ Kevin Johnson ആവശ്യപ്പെട്ടു. ഇതിലൂടെ സര്‍ക്കാരുമായി നേരിട്ടാകും യൂണിയന്‍ അംഗങ്ങളുടെ നിക്ഷേപ ഇടപാട് നടത്തപ്പെടുക.

Share this news

Leave a Reply

%d bloggers like this: