അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മാസം ഭവനവായ്പ കുടിശ്ശിക വരുത്തിയത് 55,000ലേറെ പേര്‍

അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മാസത്തില്‍ 55,448 പേര്‍ക്ക് ഭവനവായ്‌പെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഏകദേശം 7.6 ബില്യണ്‍ യൂറോയോളം വരും ഈ തുകയെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് 801 പാര്‍പ്പിടങ്ങളാണ് പിടിച്ചുവച്ചിരിക്കുന്നത്.

അതേസമയം മൂന്ന് മാസം മുമ്പുണ്ടായിരുന്ന വായ്പാ കുടിശ്ശികകളെക്കാള്‍ 1,344 എണ്ണവും, 2019-ല്‍ ഇതേ കാലയളവിലുണ്ടായവയെക്കാള്‍ 6,354 എണ്ണവും കുറവാണ് സെപ്റ്റംബറില്‍ തിരിച്ചടവ് തെറ്റിയ വായ്പകള്‍. കോവിഡ്-19നെത്തുടര്‍ന്ന് വായ്പാ തിരിച്ചടവുകളില്‍ നല്‍കിയ ഇളവ് ഇതിന് സഹായകമായതായി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

ഇതിനിടെ buy-to-let രീതിയിലുള്ള വായ്പാ പദ്ധതിയില്‍ ലോണെടുത്ത 98,521 പേര്‍ 16 ബില്യണ്‍ യൂറോയുടെ തിരിച്ചടവ് തെറ്റിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതില്‍ത്തന്നെ 13,300ലേറെ പേര്‍ രണ്ട് മാസമോ അതിലധികമോ ആയി തിരിച്ചടവ് നടത്തിയിട്ടില്ല.

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 40,000ലേറെ വായ്പകള്‍ 90 ദിവസമായും, 9,268 എണ്ണം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയും, 11,489 എണ്ണം അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. 5,014 വായ്പകള്‍ 10 വര്‍ഷത്തിലേറെയായി കുടിശ്ശികയിലാണ്.

കോവിഡ് ബാധയെത്തുടര്‍ന്ന് ജോലിയോ സമ്പാദ്യമോ ഇല്ലാതെ വലയുന്ന അയര്‍ലണ്ടുകാര്‍ക്ക് പാര്‍പ്പിടങ്ങള്‍ നഷ്ടമാകുന്ന സ്ഥിതി തുടരുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ 801 പാര്‍പ്പിടങ്ങളാണ് കടംകൊടുപ്പുകാര്‍ പിടിച്ചുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ 30 പേര്‍ തിരിച്ചടവ് ശേഷിയില്ലാത്തതിനാല്‍ വീട് തിരികെ നല്‍കുകയും, 5 വീടുകള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉപഭോക്താക്കളില്‍ നിന്നും പിടിച്ചെടുത്ത 71 വീടുകള്‍ ഈ കാലയളവില്‍ വിവിധ ബാങ്കുകള്‍ വില്‍ക്കുകയും ചെയ്തു.

വാടകയ്ക്ക് നല്‍കപ്പെടുന്ന വീടുകളില്‍ 152 എണ്ണം വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വാടകക്കാരില്‍ നിന്നും ഉടമസ്ഥര്‍ തിരികെ വാങ്ങിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ തിരികെ വാങ്ങിയ വീടുകളുടെ എണ്ണം 5,322 ആയി.

രാജ്യത്തെ ആകെ 733,301 പ്രോപ്പര്‍ട്ടികളില്‍ നിന്നായി വീട്ടുടമകള്‍ ബാങ്കുകള്‍ക്ക് 98 ബില്യണ്‍ യൂറോ നല്‍കാനുണ്ടെന്നാണ് കണക്ക്. ഇതില്‍ 8% കുടിശ്ശികയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ 7,938 പേര്‍ വായ്പാ കുടിശ്ശികയുടെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടിയും വന്നു.

Share this news

Leave a Reply

%d bloggers like this: