ലിമറിക്ക് സിറ്റിക്കുള്ളില്‍ നടന്നുതീര്‍ത്തത് ലോകം ചുറ്റാനുള്ള ദൂരം; റെക്കോര്‍ഡിട്ട് ഇന്ത്യക്കാരന്‍

ശരീരഭാരം കൂടിയപ്പോള്‍ വ്യായാമത്തിന്റെ ഭാഗമായി നടക്കാനാരംഭിച്ച വിനോദ് ബജാജ് എന്ന 70കാരന്‍, വലിയൊരു നേട്ടത്തിലേയ്ക്കാണ് തന്റെ കാല്‍വയ്പ്പുകളെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. പഞ്ചാബില്‍ ജനിച്ച് കഴിഞ്ഞ 43 വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 2016ലാണ് ആരോഗ്യപരിപാലനത്തിനായി നടത്തം ശീലമാക്കിയത്. തന്റെ നഗരമായ ലിമറിക്കിലൂടെ സവാരി നടത്തുന്നതിനിടെ ഒരു കൗതുകം എന്ന നിലയ്ക്ക് ഫോണില്‍ ട്രാക്കര്‍ വഴി എത്ര ദൂരം നടന്നു എന്ന് റെക്കോര്‍ഡ് ചെയ്യാനാരംഭിച്ചു. അങ്ങനെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അദ്ദേഹം നടന്നുതീര്‍ത്ത ദൂരമെത്രയെന്നോ? 40,075 കിലോമീറ്റര്‍! അതായത് ഈ നടത്തം നേരെയായിരുന്നെങ്കില്‍ ഭൂമിയുടെ ചുറ്റളവിന്റെ അത്രയും ദൂരം പിന്നിട്ട് തുടങ്ങിയിടത്ത് തിരിച്ചെത്തിക്കാണും മുന്‍ ബിസിനസ് കണ്‍സള്‍ട്ടന്റായിരുന്ന വിനോദ് ബജാജ്. 2020 സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ഇത്. 8,322 മണിക്കൂറുകളിലായി, 54.6 മില്യണ്‍ ചുവടുകള്‍ വച്ച അദ്ദേഹം ഇക്കാലയളവിനിടെ കത്തിച്ചുകളഞ്ഞത് ശരീരത്തിലെ 1.5 മില്യണ്‍ കലോറിയാണ്.

മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷനേടാന്‍ മികച്ച വ്യായാമമാണ് നടത്തമെന്ന് വിനോദ് സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കണക്കു വച്ച് ഭൂമിയുടെ ചുറ്റളവിന്റെ അത്രയും ദൂരം നടന്നുതീര്‍ത്തയാള്‍ എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി അപേക്ഷിച്ചിട്ടുമുണ്ട് അദ്ദേഹം. ഇതിന്റെ ഫലം അടുത്ത മാസം അറിയാം.

ഗിന്നസ് റെക്കോര്‍ഡ് ആഗ്രഹിച്ചായിരുന്നില്ല താന്‍ നടത്തമാരംഭിച്ചതെന്നും വിനോദ് വ്യക്തമാക്കുന്നു. നടത്തമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ചന്ദ്രന്റെ ചുറ്റളവിന് തുല്യമായ ദൂരം പിന്നിടാന്‍ വിനോദിനായി. രണ്ടാം വര്‍ഷം ചൊവ്വയുടെ ചുറ്റളവിന് തുല്യമായ ദൂരവും നടന്നുതീര്‍ത്തു- ഏതാണ്ട് 20,000 കിലോമീറ്റര്‍. ഇതോടെയാണ് ഭൂമി ചുറ്റിയടിക്കാനുള്ളത്രയും ദൂരം കൂടി നടന്നാലോ എന്ന ആശയം മനസിലുദിച്ചത്. ദിവസേന 50 കിലോമീറ്റര്‍ വീതമാണ് വിനോദ് നടന്നിരുന്നത്.

ഈ വര്‍ഷം കോവിഡ് ബാധയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുന്‍കരുതലുകളോടെ 9,000 കിലോമീറ്റര്‍ വിനോദ് നടന്നുതീര്‍ത്തു. വീടിന്റെ അഞ്ച് കിലോമീറ്ററിനകത്ത് മാത്രമായിരുന്നു ഈ നടത്തം. മഴയോ, കോവിഡോ, മഞ്ഞുവീഴ്ചയോ ഒന്നും അതിന് തടസമായില്ല.

നടത്തം കൊണ്ടുണ്ടായ ആരോഗ്യനേട്ടങ്ങളെപ്പറ്റിയും വിനോദ് വാചാലനാകുകയാണ്. ആദ്യത്തെ 9 മാസം കൊണ്ടുതന്നെ 20 കിലോഗ്രാം ഭാരമാണ് കുറഞ്ഞത്. മനസ് ശാന്തമാകുകയും ചെയ്തു. നന്നായി ഉറങ്ങാനും, ഭക്ഷണം കഴിക്കാനും ആരംഭിച്ചു. നിലവില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ല. ജനങ്ങളെ നടക്കാനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു 70ാം വയസിലും ചുറുചുറുക്കോടെ ചുവടുവച്ചുകൊണ്ട് വിനോദ് ബജാജ്.

ഭൂമിയെ ചുറ്റിക്കഴിഞ്ഞതോടെ നെപ്റ്റിയൂണിലേക്കാണ് വിനോദിന്റെ നോട്ടം- ചുറ്റളവ് 160,000 കിലോമീറ്റര്‍! ഒരു പത്ത് വര്‍ഷം കൊണ്ട് അതിനും തനിക്കായേക്കുമെന്നാണ് വിനോദ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: