ലിമറിക്കിൽ കാർ നദിയിലേക്ക് കൂപ്പുകുത്തി; ഗാർഡയുടെ സമയോചിത ഇടപെടൽ ഡ്രൈവറെ രക്ഷപ്പെടുത്തി

കൗണ്ടി ലിമറിക്കില്‍ നദിയിലേയ്ക്ക് കൂപ്പു കുത്തിയ കാറില്‍ നിന്നും ഡ്രൈവറായ സ്ത്രീയെ രക്ഷപ്പെടുത്തി ഗാര്‍ഡ. ശനിയാഴ്ച രാത്രി 7 മണിയോടെയാണ്  ലിമറിക്കിലെ Askeaton-ന് സമീപം Newbridge-ല്‍ നിന്നും Deel നദിയിലേയ്ക്ക് കാര്‍ മറിഞ്ഞതായി Rathkeale ഗാര്‍ഡ സ്‌റ്റേഷനിലേയ്ക്ക് റിപ്പോര്‍ട്ട് എത്തുന്നത്. റോഡില്‍ നിന്നും തെന്നി മാറിയ കാര്‍ നദിയിലേയ്ക്ക് വീണെന്നും, കാര്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. നദിയിലെ ഒഴുക്ക് കാരണം ഡോര്‍ തുറക്കാന്‍ കഴിയാതെ ഡ്രൈവര്‍ അകത്ത് കുടുങ്ങുകയും ചെയ്തു.

ഗാര്‍ഡ സംഭവസ്ഥലത്തെത്തുമ്പോള്‍ ഡ്രൈവറായ സ്ത്രീ അരയോളം വെള്ളത്തില്‍ മുങ്ങി കാറില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ കാറിനരികിലെത്തിയ ഗാര്‍ഡ ഉദ്യോഗസ്ഥരായ Michael Hally, Andrew Maher എന്നിവര്‍ സ്ത്രീയെ രക്ഷപ്പെടുത്തി തീരത്ത് എത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സാ സംഘം സ്ത്രീയെ പരിശോധിക്കുകയും. അപകടത്തിന്റെ ഞെട്ടലല്ലാതെ, സ്ത്രീക്ക് വേറെ പരിക്കുകളൊന്നുമില്ലെന്ന് അറിയിക്കുകയും ചെയ്തു. സധൈര്യം സംഭവത്തെ നേരിട്ട Michael Hally, Andrew Maher എന്നീ ഉദ്യോഗസ്ഥരെ ഇന്‍സ്‌പെക്ടര്‍ Andrew Lacey അഭിനന്ദിച്ചു.

പ്രദേശത്ത് രാത്രി കാലങ്ങളില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാറുണ്ടെന്നും, ഇത് റോഡില്‍ ഐസ് രൂപപ്പെട്ട് അപകടത്തിന് കാരണമാകുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. മറ്റ് വാഹനങ്ങളുമായി കൂടുതല്‍ ദൂരം വിട്ട് മാത്രം യാത്ര ചെയ്യുന്നതും അപകട സാധ്യത കുറയ്ക്കും. തങ്ങളുടെ വാഹനങ്ങള്‍ തണുപ്പ് കാലങ്ങളില്‍ യാത്രയ്ക്ക് അനുയോജ്യമാണെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തുകയും വേണം.

Share this news

Leave a Reply

%d bloggers like this: