അയർലണ്ടിൽ കരുതൽ വൈദ്യുതിയുടെ അപര്യാപ്തത; രാജ്യം ഇരുട്ടിലായേക്കുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടിലെ കരുതല്‍ വൈദ്യുതോര്‍ജ്ജം (Reserve Electricity) വേണ്ട അളവിലും കുറവാണെന്ന മുന്നറിയിപ്പുമായി Single Electricity Market Operator. രാജ്യത്തിന് വേണ്ട 5,200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നിലവില്‍ ഇവിടുത്തെ വൈദ്യുത നിലയങ്ങള്‍ പര്യാപ്തമാണെങ്കിലും, ഏതെങ്കിലും ഒരു നിലയത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാനുള്ള കരുതല്‍ വൈദ്യുതി രാജ്യത്തില്ല. രാജ്യത്തെ പല പ്രദേശങ്ങളും ഇരുട്ടിലാകാന്‍ ഇത് കാണമാകും. ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ 6.05 വരെയായിരുന്നു ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള മുന്നറിയിപ്പ്.

രാജ്യത്തെ അതിശൈത്യം വൈദ്യുതി ഉപയോഗം കൂട്ടിയിരിക്കുന്നു. കോര്‍ക്കിലെ Bord Gais Energy-യുടെ 400 മെഗാവാട്ട് നിലയം പ്രവര്‍ത്തനക്ഷമമല്ല. കാറ്റിന് വേഗത കുറവായതിനാല്‍ വിന്‍ഡ് മില്ലുകളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിന് സാധിക്കുന്നില്ല എന്നതടക്കം അയര്‍ലണ്ടിന്റെ വൈദ്യുതോര്‍ജ്ജ മേഖലയില്‍ പ്രതിസന്ധികള്‍ നിരവധിയാണെന്ന് മുന്നറിയിപ്പിലൂടെ Single Electricity Market Operator ചൂണ്ടിക്കാട്ടി. ബ്രിട്ടനിലേയ്ക്ക് 700 മെഗാവാട്ടിന്റെ കയറ്റുമതി നടത്തുന്നതും, മിഡ്‌ലാന്‍ഡ് ഏരിയയിലെ രണ്ട് കല്‍ക്കരി പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായതും അമിതസമ്മര്‍ദ്ദമായി മാറി. ഇവയിലേത് വേണമെങ്കിലും നാളെ രാജ്യത്തെ ഇരുട്ടിലാക്കാന്‍ മാത്രം കെല്‍പ്പുള്ളതായേക്കാമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

കൂടുതല്‍ വിന്‍ഡ് മില്ലുകള്‍, സൗരോര്‍ജ്ജ പ്ലാന്റുകള്‍, എന്നിവ സ്ഥാപിക്കുന്നത് സ്ഥിതി മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കും. എന്നാല്‍ ഈ വഴികളിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കാലാവസ്ഥ കൂടി അനുകൂലമാകണമെന്നിരിക്കെ, ഒരു ഗ്യാസ് പവര്‍ പ്ലാന്റിന്റെ കൂടി നിര്‍മ്മാണം അനിവാര്യമാണെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: