വീട്ടിലിരുന്ന് ജോലിയെടുക്കാം; അയർലണ്ടിൽ പുതിയ നിയമം വരുന്നു

ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് തൊഴിലെടുക്കാനുള്ള അവകാശം നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ജോലിക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിട്ട് നേരിട്ട് ഹാജരാകാതെ വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ സാധ്യമാകുന്ന വിധത്തിലുള്ള National Remote Work Strategy സംബന്ധിച്ചുള്ള കരട് രേഖ, തൊഴില്‍ മന്ത്രിയും Tanaiste-യുമായ Leo Varadkar ഇന്ന് അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ നിയമം നിലവില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ ‘right to disconnect from work’ എന്ന പേരില്‍ ജോലിസ്ഥലത്ത് നിന്നുള്ള ഫോണ്‍ കോളുകള്‍, ഇമെയില്‍ എന്നിവ ഒഴിവാക്കാന്‍ അവകാശം നല്‍കുന്ന നിയമവും അവതരിപ്പിക്കും. സര്‍ക്കാരിന്റെ മറ്റൊരു പ്ലാനായ ‘blended work’ പ്രകാരം, ജോലി സമയം, സ്ഥലം എന്നിവ തെരഞ്ഞെടുക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന നിയമവും പരിഗണനയിലുണ്ട്.

കോവിഡാനന്തര കാലത്ത് ജനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ജോലിയെടുക്കാന്‍ താല്‍പര്യപ്പെടുമെന്നതിനാല്‍ National Broadband Plan അവതരിപ്പിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.

വീട്ടിലിരുന്നുള്ള ജോലി (remote work) സര്‍വ്വസാധാരണാകുന്നതോടെ ഇത് ടാക്‌സില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിവരികയാണ്. ഇത് സംബന്ധിച്ചുള്ള മാറ്റം ഒക്ടോബറിലെ ബജറ്റില്‍ ഉണ്ടായേക്കും.

കോവിഡ് കാരണം ധാരാളം വെല്ലുവിളികളാണ് അയര്‍ലണ്ട് നേരിടുന്നതെന്നും, ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിക്കുന്നതെന്നും Varadkar പറഞ്ഞു. യാത്രകള്‍ പരമാവധി കുറയ്ക്കുക, കുടുംബത്തിനൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും കൂടുതല്‍ സമയം പങ്കിടുക എന്നിവ താന്‍ ലക്ഷ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി വീട്ടിലിരുന്ന് ജോലിയെടുക്കാന്‍ ഭൂരിഭാഗം പേരും താല്‍പര്യപ്പെടുന്നതായാണ് സര്‍വേകളില്‍ വെളിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക സമയങ്ങളില്‍ ജോലി സംബന്ധിച്ച ഫോണ്‍, ഇമെയില്‍ എന്നിവ സ്വിച്ച് ഓഫ് ചെയ്യാനുള്ള അവകാശം 2017-ല്‍ ഫ്രാന്‍സിലാണ് ആദ്യം നിയമമായത്. പിന്നീട് ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളും ഈ നിയമം നടപ്പിലാക്കി.

Share this news

Leave a Reply

%d bloggers like this: