കൊറോണയുടെ ബ്രസീലിയൻ വേരിയന്റ് അയർലണ്ടിൽ മൂന്ന് പേർക്ക്; പുതിയ വൈറസ് സ്‌ട്രെയിൻ അപകടകാരിയോ?

കൊറോണ വൈറസിന്റെ ബ്രസീലിയന്‍ വേരിന്റായ P1 അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്രസീല്‍ യാത്രയുമായി ബന്ധപ്പെട്ടവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെ വേരിയന്റ് പോലെ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ബ്രസീലിയന്‍ വേരിയന്റ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതേസമയം നിലവിലെ വാക്‌സിനുകള്‍ ഈ വേരിയന്റിനെതിരെയും ഫലപ്രദമാണെന്നത് ആശ്വാസത്തിന് വക നല്‍കുന്നുമുണ്ട്. പുതിയ വേരിയന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

2020 ജൂലൈയിലാണ് ബ്രസീലിയന്‍ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. കോവിഡ് ആരംഭിച്ചതിനു ശേഷം ആയിരത്തോളം വേരിയന്റുകള്‍ കൊറോണ വൈറസിന് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ ഏതാനും ചിലത് മാത്രമാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. വ്യാപന ശേഷി വര്‍ദ്ധിച്ചവയാണ് ചില വേരിയന്റുകള്‍ എന്നതാണ് അതിന് കാരണം.

മനുഷ്യശരീരത്തിലെ കോശത്തിലേയ്ക്ക് കടക്കാന്‍ വൈറസിനെ സഹായിക്കുന്ന spike protein-ല്‍ മാറ്റം വരുത്തുകയാണ് പുതിയ വേരിയന്റുകള്‍ ചെയ്യുന്നത്. ഇതിനെ mutation അഥവാ ജനിതകവ്യതിയാനം എന്ന് വിളിക്കും. Mutation കാരണം വൈറസിന് കൂടുതല്‍ ശക്തി ലഭിച്ചേക്കാം. ബ്രസീലിയന്‍ വേരിയന്റ് പോലെ വ്യാപനശക്തി വര്‍ദ്ധിച്ച വേരിയന്റുകളാണ് യു.കെ, സൗത്ത് ആഫ്രിക്കന്‍ വേരിയന്റുകള്‍. രോഗതീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇവയ്‌ക്കൊന്നിനും കഴിവില്ലെങ്കിലും വേഗത്തില്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനും, മരണസംഖ്യ ഉയരാനും കാരണമാകും.

അയര്‍ലണ്ടില്‍ നിലവിലുള്ള കോവിഡ് കേസുകളില്‍ 90 ശതമാനവും യു.കെ വേരിയന്റ് മൂലമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബ്രസീലിയന്‍ വേരിയന്റ് വ്യാപകമാകാന്‍ സാധ്യതയുണ്ട്. ബ്രസീലിയന്‍ വേരിയന്റിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സ്‌നുകള്‍ക്ക് സാധ്യമാണെങ്കിലും പ്രതിരോധ തോത് കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പുതിയ വാക്‌സിന്‍ വേണ്ടിവരും. എന്നാല്‍ വെറും ആഴ്ചകളോ മാസങ്ങളോ കൊണ്ട് പുതിയ ശക്തിയേറിയ വാക്‌സിന്‍ നിര്‍മ്മിച്ചെടുക്കാം. പുതിയ വേരിയന്റിനോട് വാക്‌സിന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: