മുഴുവനായി വാക്സിനേറ്റ് ചെയ്യപ്പെട്ട് അയർലണ്ടിലെത്തുന്നവരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും; ആരോഗ്യ മന്ത്രി

മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ട ശേഷം അയര്‍ലണ്ടിലെത്തുന്ന എല്ലാവരെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. പ്രാദേശികമായും, നയതന്ത്രതലത്തിലും ഉണ്ടായ സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് തീരുമാനം. വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതിവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ ഹോട്ടല്‍ ക്വാറന്റൈന്‍ നയങ്ങള്‍ക്കെതിരെ പല യൂറോപ്യന്‍ യൂണിയന്‍ എംബസികളും രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ പട്ടികയില്‍ രാജ്യങ്ങളെ ചേര്‍ക്കാനായി അയര്‍ലണ്ട് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്കെതിരായ നടപടികളും, വിവേചനങ്ങളും പാടില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കമ്മിഷനോടോ, അയര്‍ലണ്ടിലെ ഇറ്റാലിയന്‍ അംബാസഡറോടോ താന്‍ ക്ഷമ ചോദിക്കില്ലെന്നും, ക്വാറന്റൈന്‍ നടപടികള്‍ EU നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മന്ത്രി Donnelly കഴിഞ്ഞ ദിവസം RTE Prime Time-ല്‍ സംസാരിക്കവേ വ്യക്തമാക്കി. ഹോട്ടല്‍ ക്വാറന്റൈന്‍ നടപടി വിവേചനപരമാണെന്ന് ഇറ്റാലിയന്‍ അംബാസഡറായ Paolo Serpi നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നതിന് മറുപടി പറയുകയായിരുന്നു Donnelly.

വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് പുറമെ അയര്‍ലണ്ടിലെത്തുന്ന പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്റെ കാര്യത്തില്‍ ഇളവ് നല്‍കുമെന്ന് Donnelly കൂട്ടിച്ചേര്‍ത്തു. ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇതില്‍ പലതും പുതിയ വൈറസ് വേരിയന്റ് ആണ്. ശനിയാഴ്ച മുതല്‍ രാജ്യത്തെത്തുന്നവര്‍ക്കായി ഹോട്ടല്‍ ബുക്കിങ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26-ഓടെ ഹോട്ടല്‍ റൂമുകള്‍ 1,607 ആയി വര്‍ദ്ധിപ്പിക്കും.

Share this news

Leave a Reply

%d bloggers like this: