ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊറോണ വൈറസ് വേരിയന്റ് യുകെയിലും; രണ്ട് മ്യൂട്ടേഷൻ സംഭവിച്ചതിനാൽ കൂടുതൽ അപകടകാരിയായേക്കുമെന്ന് ആശങ്ക

ഇന്ത്യയില്‍ ആദ്യം കണ്ടെത്തുകയും, പിന്നീട് ഇംഗ്ലണ്ട്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പുതിയ കൊറോണ വൈറസ് വേരിയന്റ് കൂടുതല്‍ അപകടകാരിയായേക്കുമെന്ന ആശങ്ക പങ്കുവച്ച് ആരോഗ്യ വിദഗ്ദ്ധര്‍. B.1.617 എന്ന ഈ വേരിയന്റ് ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ഏപ്രില്‍ 7 വരെയുള്ള കണക്കനുസരിച്ച് UK-യില്‍ 73 പേരിലും, സ്‌കോട്‌ലണ്ടില്‍ നാല് പേരിലും ഈ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെപ്പറ്റി ഗവേഷകര്‍ കൂടുതലായി പഠിച്ചുവരികയാണ്. ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ പോലെ വ്യാപന ശേഷി കൂടിയ വേരിയന്റാണ് ഇതുമെന്നാണ് സംശയം.

പുതിയ വേരിയന്റിന് രണ്ട് ‘escape mutations’ സംഭവിച്ചിട്ടുണ്ടെന്നാണ് സംശയമെന്നാണ് University of East Anglia പ്രൊഫസറായ Paul Hunter പറയുന്നത്. ഇത് നിലവിലെ വാക്‌സിനുകളെ മറികടക്കാന്‍ വൈറസിനെ സഹായിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പഠനം നടത്തിവരികയാണ്. ഇന്ത്യയടക്കം കോവിഡ് പിടിച്ചുകെട്ടാന്‍ സാധിക്കാത്ത രാജ്യങ്ങളിലാണ് പുതിയ വേരിയന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പ്രൊഫസര്‍ Hunter പറയുന്നു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ തീരുമാനിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം നാല് ദിവസത്തില്‍ നിന്നും ഒരു ദിവസമാക്കി ചുരുക്കിയിരുന്നു.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, മത പരിപാടികള്‍ക്കായുള്ള ആളുകളുടെ കൂട്ടം കൂടല്‍ എന്നിവയാണ് ഇന്ത്യയില്‍ നിലവില്‍ സ്ഥിതി വഷളാക്കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരും, മന്ത്രിമാരുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു. പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കന്മാര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് ബാധിക്കുകയും ചെയ്തു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുകയാണ്. ആകെ 14.3 മില്യണ്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ലോകത്ത് 31 മില്യണ്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഇന്ത്യ. ആകെ 174,308 പേരാണ് ഇന്ത്യയില്‍ കോവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍.

Share this news

Leave a Reply

%d bloggers like this: