അയർലണ്ടിൽ ലൈംഗിക വ്യാപാരം നടത്തിയതിന് അറസ്റ്റിലായ 600-ഓളം പേരുടെ കേസ് റദ്ദാക്കാൻ നീതിന്യായ വകുപ്പ്

അയര്‍ലണ്ടില്‍ ലൈംഗിക വ്യാപാരത്തിനും, ലൈംഗികാവശ്യങ്ങള്‍ക്കായുള്ള മനുഷ്യക്കടത്തിനും ഇരകളായവരെ സംരക്ഷിക്കാനായി പുതിയ പദ്ധതിയുമായി നീതിന്യായ വകുപ്പ്. 2017-ലെ Sexual Offences Act പ്രകാരം അയര്‍ലണ്ടില്‍ സെക്‌സ് വാങ്ങുക എന്നത് കുറ്റകരമാണ്. അതേസമയം സെക്‌സ് വില്‍ക്കുക എന്നത് നിയമവിരുദ്ധമല്ല. സ്വീഡനിലെ മാതൃക പിന്തുടര്‍ന്നുള്ള ഈ നിയമനിര്‍മ്മാണം, ഇത്തരം സംഭവങ്ങളിലെ ഇരകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയോടെയാണ് അയര്‍ലണ്ടിലും നടപ്പാക്കിയത്.

സെക്‌സ് വില്‍ക്കുക എന്നത് കുറ്റകരമല്ലാതാകുന്നതോടെ, വ്യഭിചാരത്തിന് അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കാനുള്ള നടപടിയാണ് വകുപ്പ് നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee പറഞ്ഞു. ലൈംഗികത വില്‍ക്കുന്നത് നിയമവിരുദ്ധമല്ല എന്നതിനാല്‍ പ്രോസ്റ്റിറ്റിയൂഷന്‍ നടത്തുന്നവര്‍ക്ക് എതിരായ കേസ് നിലനില്‍ക്കില്ല.

പ്രോസ്റ്റിറ്റിയൂഷനില്‍ നിന്നും പുറത്തുകടന്ന്, പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി McEntee പറഞ്ഞു. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 600-ഓളം പേരുടെ കേസ് റദ്ദാക്കും. ലൈംഗികവ്യാപാരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട മിക്കവരും ചൂഷണത്തിന്റെ ഇരകളാണെന്നും, അവര്‍ക്ക് നിയമ മാറ്റത്തിലൂടെ ഗുണം ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവരുടെ കേസുകള്‍ റദ്ദാക്കാനായി തന്റെ വകുപ്പ് നിയമ ഭേദഗതി വരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 Criminal Law (Sexual Offences) Act, 1993-യുടെ Section 7, Section 8 പ്രകാരം എടുത്ത കേസുകള്‍ മാത്രമാണ് റദ്ദ് ചെയ്യുക. മറ്റൊരാള്‍ക്ക് ലൈംഗികത വാഗ്ദാനം ചെയ്തു എന്നതാണ് ഈ സെക്ഷനുകള്‍ പ്രകാരമുള്ള കേസ്. ഇത്തരം കേസുകള്‍ കണ്ടെത്താന്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 607 പേരുടെ വിവരങ്ങളാണ് ഗാര്‍ഡ കൈമാറിയിട്ടുള്ളത്.

അതേസമയം പ്രോസ്റ്റിറ്റിയൂഷനിലേയ്ക്ക് ഇരകളെ തള്ളിവിടുന്നത് നിയമവിരുദ്ധമാണ്. ഇരകള്‍ മാത്രമാണ് നിയമത്തിലൂടെ സംരക്ഷിക്കപ്പെടുക. സെക്‌സിനായി പണം/ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം നല്‍കുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനമാണ്.

Share this news

Leave a Reply

%d bloggers like this: