Clare-ൽ വീടിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ 17-കാരൻ കുറ്റക്കാരനെന്ന് കോടതി

Clare-ല്‍ സ്ത്രീയുടെ വീട്ടിലേയ്ക്ക് പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ 17-കാരനായ പ്രതി കുറ്റക്കാരനെന്ന് കോടതി. 2020 ഏപ്രില്‍ 14-നാണ് അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന പ്രതി, ഹൗസിങ് എസ്റ്റേറ്റില്‍ താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടിലേയ്ക്ക് പെട്രോള്‍ എറിയുകയും, ബോംബ് പൊട്ടിത്തെറിക്കുകയും ചെയ്തത്. Ennis-ലെ Children’s Court-ലായിരുന്നു വിചാരണ. പ്രതി നിലവില്‍ ഡബ്ലിനിലെ Oberstown Children’s Detention Campus-ല്‍ കഴിയുകയാണ്. ചുമത്തിയ മൂന്ന് വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു.

വീട്ടുടമയായ സ്ത്രീയോട് ഏപ്രില്‍ 3-ന് പ്രതി PlayStation-ഉം, 200 യൂറോയും ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഈ വീട്ടിലെ സ്ത്രീയുടെ മകന്‍ തന്നെ ഇടിച്ചു എന്ന് ആരോപിച്ചായിരുന്നു 200 യൂറോ ആവശ്യപ്പെട്ടത്. ഇടി കിട്ടയതിനെ തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഇതിന് പകരം വീട്ടുമെന്ന് പറഞ്ഞ് പ്രതി അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും രാത്രിയോടെ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രതി, പെട്രോള്‍ ബോംബ് ഉണ്ടാക്കിയ ശേഷം പുലര്‍ച്ചയോടെ പ്രസ്തുത വീടിന് സമീപമെത്തി ബോംബ് എറിയുകയായിരുന്നു.

ബോംബ് പൊട്ടിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മയക്കുമരുന്ന് ഉപയോഗം ഉണ്ടായിരുന്ന പ്രതിയെ ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഭാവി മുമ്പിലുണ്ടെന്നും, അത് നല്ല രീതിയില്‍ കെട്ടിപ്പടുക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ജഡ്ജ് മുര്‍ഫി, പ്രതിയോട് പറഞ്ഞു. കേസില്‍ വിധി പറയുന്നത് മെയ് 12-ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇക്കാലയളവില്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ ബെഡ് ലഭ്യമാക്കാന്‍ ശ്രമിക്കും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: