അകത്ത് ഭക്ഷണം വിളമ്പാനായി ഹോട്ടലുകൾ തുറക്കാം, റസ്റ്ററന്റുകൾ പാടില്ല: സർക്കാർ നയത്തിനെതിരെ റസ്റ്ററന്റ് ഉടമകൾ

ഹോട്ടലുകള്‍ക്കകത്ത് ഭക്ഷണം വിളമ്പാനും, ഹോട്ടലുകള്‍ തുറക്കാനും അനുമതി നല്‍കുകയും, അതേസമയം കെട്ടിടത്തിന് അകത്ത് ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകള്‍ അടച്ചിടാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റസ്റ്ററന്റ് സംഘടന. ജൂണ്‍ ആദ്യം മുതല്‍ ഹോട്ടലുകള്‍ തുറക്കാനും, അതിഥികള്‍ക്ക് അകത്ത് വച്ച് ഭക്ഷണം വിളമ്പാനും ഇളവ് നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതേസമയം കെട്ടിടത്തിന് പുറത്ത് വച്ച് ഭക്ഷണം വിളമ്പാന്‍ സൗകര്യമില്ലാത്ത റസ്റ്ററന്റുകള്‍ തുറക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ തീരുമാനം നിരാശാജനകമാണെന്ന് Restaurant Association of Ireland (RAI) തലവനായ Adrian Cummins പറഞ്ഞു. ഹോട്ടലിന്റെ വലിപ്പം, വെന്റിലേഷന്‍ സൗകര്യം, സാന്ദ്രത എന്നിവ അനുസരിച്ച് അകത്ത് ഭക്ഷണം വിളമ്പാമെങ്കില്‍, അതേ ഇളവ് റസ്റ്ററന്റുകള്‍ക്കും നല്‍കണമെന്ന് Adrian Cummins പറഞ്ഞു. ഇത് വിവേചനപരമാണെന്ന് വിവിധ റസ്റ്ററന്റുകള്‍ പരാതിയുയര്‍ത്തിയതായും അദ്ദേഹം വ്യക്തമാക്കി. റസ്റ്ററന്റുകള്‍ എപ്പോള്‍ തുറക്കാമെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ആരെങ്കിലും നിയമനടപടി സ്വീകരിച്ചാല്‍ അവരെ പിന്തുണയ്ക്കുമെന്നും Cummins വ്യക്തമാക്കി.

അതേസമയം റസ്റ്ററന്റുകളെ അപേക്ഷിച്ച് ഹോട്ടലുകളില്‍ പൊതുവെ ആളുകളെത്തുന്നത് കുറവായിരിക്കുമെന്നും, അതാണ് ഈ തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും National Public Health Emergency Team വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 70% റസ്റ്ററന്റുകള്‍ക്കും ഭക്ഷണം വിളമ്പാന്‍ outdoor area ഇല്ലെന്ന കാര്യം Cummins ചൂണ്ടിക്കാട്ടി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നീതിയും, സുതാര്യതയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌പേസ്, സാന്ദ്രത, വെന്റിലേഷേന്‍ എന്നിവ പരിഗണിച്ച് ഹോട്ടലുകളിലെ റസ്റ്ററന്റുകള്‍ തുറക്കാമെങ്കില്‍, സാധാരണ റസ്റ്ററന്റുകള്‍ക്കും ഇതേ നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിച്ചുകൂടേ എന്നും അദ്ദേഹം ചോദിക്കുന്നു.

Share this news

Leave a Reply

%d bloggers like this: