അയർലണ്ടിലെ ഭവന പ്രതിസന്ധി മുതലെടുത്ത് വൻകിട കമ്പനികൾ; വീടുകൾ ഒന്നിച്ച് വാങ്ങി വാടകയ്ക്ക് കൊടുക്കുന്നത് കാരണം ലഭ്യത കുറയുന്നു; പരിഹാരം നിർദ്ദേശിച്ച് പ്രതിപക്ഷം

അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമായിരിക്കെ, വന്‍കിട കമ്പനികള്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങി വാടകയ്ക്ക് കൊടുക്കപ്പെടുന്ന പ്രവണതയ്‌ക്കെതിരെ പ്രതിപക്ഷം. ലഭ്യത കുറവായതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും, അത് കിട്ടാത്ത ഈ സാഹചര്യത്തില്‍, വന്‍കിട കമ്പനികള്‍ ഇത്തരം നീക്കം നടത്തുന്നത് മേഖലയിലെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് Social Democrats നേതാവ് Catherine Murphy ചൂണ്ടിക്കാട്ടി.

Round Hill Capital, പാര്‍ട്ട്ണറായ SFO Capital എന്നീ കമ്പനികള്‍ ചേര്‍ന്ന് കില്‍ഡെയറിലെ Maynooth-ലുള്ള Mullen Park എസ്‌റ്റേറ്റിലെ 135 പ്രോപ്പര്‍ട്ടികള്‍ വാങ്ങിയതായി the Business Post കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. UK ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവ, കഴിഞ്ഞ മാസം Dublin 15-ല്‍ 112 വീടുകളും ഇത്തരത്തില്‍ വാങ്ങിയിരുന്നു. ഭവനപ്രതിസന്ധി മുതലെടുത്ത് 250 വീടുകളും വാടകയ്ക്ക് നല്‍കാനാണ് കമ്പനികളുടെ പദ്ധതി.

ഇത് പുതിയ കാര്യമല്ലെന്നും, വര്‍ഷങ്ങളായി ഇവിടെ സംഭവിക്കുന്നതാണെന്നും Sinn Fein ഹൗസിങ് വക്താവായ Eoin O’Broin കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിനുള്ള പരിഹാരം ടാക്‌സ് നിയമത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ Capital Gains Tax, corporation tax, വാടകയിനത്തില്‍ ലഭിക്കുന്നതില്‍ നിന്നുമുള്ള ടാക്‌സ് എന്നിവയൊന്നും അടയ്ക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വമ്പന്‍ വിലയ്ക്ക് വീടുകള്‍ വാങ്ങി, വലിയ തുകയ്ക്ക് വാടകയ്ക്ക് നല്‍കി, അക്കാരണം പറഞ്ഞ് capital gains tax നല്‍കാതിരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്- അദ്ദേഹം ആരോപിച്ചു.

അതേസമയം Sinn Fein അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കുള്ള ടാക്‌സ് ഇളവ് നിര്‍ത്തലാക്കുകയും, സ്റ്റാംപ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുകയും, വാടകയിനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് ടാക്‌സ്, capital gains tax എന്നിവ അടപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ നിക്ഷേപകര്‍ രാജ്യത്ത് നല്ല വീടുകളുണ്ടാക്കി, അവ മാന്യമായ നിരക്കില്‍ വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്നും, അത് പക്ഷേ ഇത്തരമൊരു പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പോളിസികളിലെ പഴുതുകള്‍ മുതലെടുത്ത്, വള്‍ച്ചര്‍ ഫണ്ടുകള്‍ ടാക്‌സ് വെട്ടിക്കുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പതിറ്റാണ്ടോളമായി ഇത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ equity scheme അടക്കമുള്ള പദ്ധതിയിലും വന്‍കിട നിക്ഷേകരുടെ ഈ കുത്തക അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശമൊന്നുമില്ല എന്നതും വിമര്‍ശനമായി ഉയരുന്നുണ്ട്.

അതേസമയം ആഗോളകുത്തക കമ്പനികള്‍ രാജ്യത്തെ ഭവനരംഗം കൈയടക്കുന്നതില്‍ സര്‍ക്കാരിനുള്ളില്‍ നിന്നും ആശങ്കകളുയരുന്നുണ്ട്. ഇതിന് പരിഹാരം കാണാത്ത പക്ഷം നാമെല്ലാവരും 100 വര്‍ഷം മുമ്പുള്ള പോലെ വാടകക്കാരായി മാറുമെന്ന് Fianna Fai MEP Billy Kelleher പറഞ്ഞു. നമ്മുടെ വീട്ടുടമകള്‍ ലണ്ടനിലോ, ന്യൂയോര്‍ക്കിലോ ഉള്ള വന്‍കിട നിക്ഷേപകരായിരിക്കുമെന്നത് മാത്രമായിരിക്കും വ്യത്യാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്‍കിട നിക്ഷേകരുടെ ഈ പ്രവൃത്തി ആശങ്കയുളവാക്കുന്നതാണെന്ന് ഭവനമന്ത്രി Darragh O’Brien-ഉം പ്രതികരിച്ചു. അതേസമയം ഇത്തരം നിക്ഷേകരെ വിപണിയില്‍ നിന്നും ഒറ്റയടിക്ക് വിലക്കുന്നത് ദോഷകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: