കോവിഡ് ആഘാതം: അയർലണ്ടിലെ 61% നഴ്‌സുമാരും ജോലി ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നതായി റിപ്പോർട്ട്

കോവിഡ് മഹാമാരി അയര്‍ലണ്ടിലെ നഴ്‌സുമാരില്‍ വലിയ മാനസിക ആഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ രംഗത്തെ ആരോഗ്യപ്രവര്‍ത്തകരുടെ മാനസികാഘാതത്തെപ്പറ്റി പഠിക്കാന്‍ Irish Nurses & Midwives Organisation (INMO) നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

കോവിഡ് കാരണം മാനസികമായി വലിയ തളര്‍ച്ച അനുഭവപ്പെട്ടതായി സര്‍വേയില്‍ പങ്കെടുത്ത 91% നഴ്‌സ്/മിഡ്‌വൈവ്‌സും പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കോവിഡ് തങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചതായി 83% പേരും പ്രതികരിച്ചു. 95% പേരും കോവിഡ് തങ്ങളുടെ സഹപ്രവര്‍ത്തകരെ പ്രതികൂലമായി ബാധിച്ചതായി അഭിപ്രായപ്പെട്ടു.

തങ്ങള്‍ പരിചരിച്ചിരുന്ന രോഗി കോവിഡ് കാരണം മരണപ്പെട്ടതായി 50 ശതമാനത്തിലേറെ പേരും പറഞ്ഞു. കോവിഡ് ഉണ്ടാക്കിയ ആഘാതം കാരണം ജോലി ഉപേക്ഷിക്കുന്നതിനെപ്പറ്റി തങ്ങള്‍ ചിന്തിച്ചുവെന്ന് തുറന്നുപറഞ്ഞത് 61% പേരാണ്.

സര്‍വേയിലെ മറ്റ് കണ്ടെത്തലുകള്‍:

  • വ്യക്തിഗത ആരോഗ്യം അപകടത്തിലാണെന്ന് ചിന്തിക്കുന്നവര്‍ – 83%
  • തങ്ങളിലൂടെ രോഗം കുടുംബത്തിലേയ്ക്കും മറ്റും പകരുമെന്ന് ചിന്തിക്കുന്നവര്‍ –  90%
  • തങ്ങളുടെ തൊഴില്‍ദാതാവിന് തങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനാകുന്നില്ലെന്ന് കരുതുന്നവര്‍ – 40%
  • ജോലിസ്ഥലത്ത് എപ്പോഴും PPE കിറ്റ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയോട് വിയോജിക്കുന്നവര്‍ – 25%
  • സ്റ്റാഫിനിടയില്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് വിശ്വസിക്കുന്നവര്‍ – 90%
  • കുട്ടികളുമായി സമയം ചെലവിടാന്‍ കഴിയാത്തത് കാരണം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ – 33%

2020 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ 2,642 ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 96% പേരും സ്ത്രീകളായിരുന്നു. 4% പുരുഷന്മാരും.

സര്‍വേയെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കാനായി ‘Let’s Talk About It’ എന്ന പേരില്‍ ഒരു കാംപെയിന്‍ INMO ആരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: