കോവിഡ് ബാധ: അയർലണ്ടിൽ മോർട്ട്‌ഗേജ് നിയമത്തിൽ ഇളവ് ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

അയര്‍ലണ്ടില്‍ സെന്‍ട്രല്‍ ബാങ്കിന്റെ കര്‍ശന മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ നിന്നും ഇളവ് ലഭിക്കുന്നവരുടെ എണ്ണം താഴ്ന്നതായി റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമങ്ങളില്‍ ചെറിയ തരത്തില്‍ ഇളവുകള്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്. പൊതുവെ നഗരപ്രദേശത്ത് വീട് വാങ്ങുന്ന ചെറുപ്പക്കാര്‍ക്കാണ് ഇത്തരം ഇളവുകള്‍ ലഭിക്കുക. എന്നാല്‍ കോവിഡ് ബാധ കാരണം വെറും 13% പേര്‍ക്ക് മാത്രമേ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള മോര്‍ട്ട്‌ഗേജ് ഇളുകള്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതായത് എട്ടില്‍ ഒരാള്‍ക്ക് മാത്രം എന്ന നിരക്കിലാണ് 2020-ല്‍ മോര്‍ട്ട്‌ഗേജ് ഇളവ് ലഭിച്ചത്.

2018-ലും, 2019-ലും 17% വീതം പേര്‍ക്ക് മോര്‍ട്ട്‌ഗേജ് ഇളവുകള്‍ ലഭിച്ചതായാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക്. ആറില്‍ ഒരാള്‍ക്ക് വീതം എന്നതാണ് ഈ നിരക്ക്. അനുവദിക്കാവുന്നതിലും അധികം തുക ലോണായി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കും.

കോവിഡ് കാരണം മോര്‍ട്ട്‌ഗേജ് വിപണി നേരിടുന്ന അനിശ്ചിതാവസ്ഥയാണ് ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളെ പിന്നോട്ടടിപ്പിക്കുന്നത്. വ്യക്തിയുടെ വരുമാനത്തിന്റെ 3.5 ഇരട്ടിയില്‍ അധികം ലോണ്‍ നല്‍കാന്‍ പാടില്ല എന്നാണ് നിലവിലെ സെന്‍ട്രല്‍ ബാങ്ക് നിയമം. എന്നാല്‍ ഇതില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 20% വരെയും, മറ്റുള്ളവര്‍ക്ക് 10% വരെയും ഇളവുകള്‍ നല്‍കാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഇളവ് ലഭിച്ച ഒരു ഫസ്റ്റ് ടൈം ബയറിന് (first time buyer) ഡബ്ലിനില്‍ വീടിനായി ശരാശരി മുടക്കേണ്ടിവന്നത് 427,000 യൂറോ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇളവ് ലഭിക്കാത്തവര്‍ക്ക് (ആദ്യമായി വീട് വാങ്ങുന്നവരില്‍) ഡബ്ലിനില്‍ ഇത്തരത്തില്‍ വീടിനായി മുടക്കേണ്ടിവരുന്നത് 378,000 യൂറോ ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇളവുകള്‍ ലഭിച്ച പകുതിയോളം പേരും ഡബ്ലിനിലാണെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളവ് ലഭിച്ച ഡബ്ലിന് പുറത്തുള്ള 26% Leinster-ലാണ്.

Share this news

Leave a Reply

%d bloggers like this: