ഡെന്മാർക്ക്-ഫിൻലാൻഡ് യൂറോ കപ്പ് പോരാട്ടം; ഡാനിഷ് താരം കുഴഞ്ഞു വീണതിനെത്തുടർന്ന് മത്സരം നിർത്തിവച്ചു

യൂറോ കപ്പില്‍ ഗ്രൂപ്പ് ബി ഡെന്മാര്‍ക്ക്-ഫിന്‍ലാന്‍ഡ് മത്സരത്തിനിടെ, ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു. ആശുപത്രിയിലേയ്ക്ക് മാറ്റിയ എറിക്‌സണ്‍ അപകടനില തരണം ചെയ്തതായി ഡെന്മാര്‍ക്ക് ടീം പിന്നീട് അറിയിച്ചു.

മത്സരം ആദ്യ പകുതി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെയായിരുന്നു സംഭവം. ത്രോബോള്‍ സ്വീകരിക്കാനൊരുങ്ങിയ എറിക്‌സണ്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം മൈതാനത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്‌നം ഗുരുതരമാണെന്ന് മനസിലാക്കുകയായിരുന്നു. കളിക്കാരും, കാണികളുമടക്കം സംഭവത്തെത്തുടര്‍ന്ന് വിങ്ങിപ്പൊട്ടി. എറിക്‌സന്റെ കൂട്ടുകാരിയായ സബ്രീനയും കരഞ്ഞുകൊണ്ട് മൈതാനത്തേയ്ക്ക് ഓടിയെത്തിയിരുന്നു.

ഏറെ വൈകാതെ തന്നെ എറിക്‌സണെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഹൃദാഘാതം കാരണമാണ് എറിക്‌സണ്‍ കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക നിഗമനം.  അല്‍പ്പ നേരത്തിന് ശേഷം മത്സരം നിര്‍ത്തിവയ്ക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നു.

ഡെന്മാര്‍ക്കിന്റെ സ്റ്റാര്‍ പ്ലേയറാണ് 29-കാരനായ എറിക്‌സണ്‍. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍മിലാന് വേണ്ടിയാണ് അദ്ദേഹം ജേഴ്‌സിയണിയുന്നത്.

Share this news

Leave a Reply

%d bloggers like this: