മയക്കുമരുന്ന് കൈവശം വച്ചു; Finglas-ൽ അച്ഛനും അമ്മയും മകനുമടക്കം 5 പേർ അറസ്റ്റിൽ

ഡബ്ലിനിലെ Finglas-ല്‍ ഗാര്‍ഡ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് അച്ഛനും, അമ്മയും. മകനുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച Barry Close പ്രദേശത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ ഗാര്‍ഡ പരിശോധനയില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ അഞ്ച് പേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. കര്‍ശന നിബന്ധനകളോടെ ഇവര്‍ക്ക് ജാമ്യമനുവദിക്കുകയും ചെയ്തു.

Anthony Robinson (56) ഭാര്യ Caroline Robinson (52), മകന്‍ Christopher Robinson (25) എന്നീ മൂന്ന് പേരാണ് ഒരേ കുടുംബത്തില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടത്. Robinson-ഉം ഭാര്യയും വില്‍പ്പനയ്ക്കായി വലിയ അളവില്‍ ഹെറോയിന്‍, കൊക്കെയിന്‍ എന്നിവ കൈവശം വച്ചതിനാണ് അറസ്റ്റിലായത്. ഭാര്യയുടെ പക്കല്‍ കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിന്റെ പേരിലും കേസ് ചാര്‍ജ്ജ് ചെയ്തു. ഹെറോയിന്‍ കൈവശം വച്ചതിനാണ് മകന്‍ Christopher-നെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ മയക്കുമരുന്ന് നശിപ്പിക്കാനായി ഇയാള്‍ പുറത്തേക്കോടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗാര്‍ഡ പറയുന്നു.

ഇവര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹായത്തിലാണ് ജീവിക്കുന്നതെന്നും, ജോലിയൊന്നുമില്ലെന്നും കോടതിയില്‍ വ്യക്തമായി. Kyle Conroy (23), Paul Archibald (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

പരസ്പരം ബന്ധപ്പെടരുത് എന്നതടക്കം നിരവധി ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സ്ഥിരമായി ഗാര്‍ഡ സ്റ്റേഷനിലെത്തി ഒപ്പിടുകയും വേണം. ഇവര്‍ വിചാരണയ്ക്കായി സെപ്റ്റംബര്‍ 10-ന് Blanchardstown District Court-ല്‍ ഹാജരാകണം.

Share this news

Leave a Reply

%d bloggers like this: