ആഗോള കോർപ്പറേഷൻ ടാക്സ് 15% ആക്കുക; ലോകരാജ്യങ്ങൾക്ക് മുമ്പിൽ അയർലണ്ട് വഴങ്ങിയേക്കുമെന്ന് സൂചന

ആഗോള കോര്‍പ്പറേഷന്‍ ടാക്‌സ് ഉയര്‍ത്തുക എന്ന Organisation for Economic Co-operation and Development (OECD) നിലപാടിന് അയര്‍ലണ്ടും വഴങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ രാജ്യത്ത് നിലവിലെ 12.5% കോര്‍പ്പറേഷന്‍ ടാക്‌സ് എന്ന നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി Irish Examiner റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ആദ്യം ചേര്‍ന്ന G7, OECD രാജ്യങ്ങളുടെ യോഗത്തില്‍ ആഗോള സര്‍വീസ് ടാക്‌സ് കുറഞ്ഞത് 15% എങ്കിലും ആക്കി ഉയര്‍ത്തണമെന്ന് ധാരണയായിരുന്നു. 139 OECD അംഗരാജ്യങ്ങളില്‍ അയര്‍ലണ്ട് അടക്കം 9 രാജ്യങ്ങള്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്.

രാജ്യത്തെ ടാക്‌സ് 12.5% തന്നെ തുടരുമെന്നായിരുന്നു ധനമന്ത്രി Paschal Donohoe ഇതുവരെ എടുത്തിരുന്ന നിലപാട്. വന്‍കിട കമ്പനികള്‍ക്ക് മാത്രം ടാക്‌സ് ഉയര്‍ത്തിയാല്‍ മതിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതുപോലെ അയര്‍ലണ്ട് പോലുള്ള ചെറുരാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ സമ്മര്‍ദ്ദമുയര്‍ത്തുകയും, 12.5% എന്ന അയര്‍ലണ്ടിന്റെ കുറഞ്ഞ കോര്‍പ്പറേഷന്‍ ടാക്‌സ് വിമര്‍ശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.

പല വന്‍കിട കമ്പനികളും ടാക്‌സ് കുറവുള്ള രാജ്യങ്ങളില്‍ തങ്ങളുടെ ബിസിനസ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുക വഴി വലിയ രീതിയില്‍ ടാക്‌സ് വെട്ടിപ്പ് നടത്തുവെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആരോപണം. OECD കരാര്‍ നിലവില്‍ വന്നാല്‍ അയര്‍ലണ്ടിലെയും കോര്‍പ്പറേഷന്‍ ടാക്‌സ് കൂട്ടേണ്ടിവരികയും, നിലവിലെ കമ്പനികള്‍ സ്വന്തം രാജ്യങ്ങളിലേയ്ക്ക് തന്നെ ബിസിനസ് മാറ്റാനും, പുതിയ വിദേശ കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്താന്‍ വരാതിരിക്കുകയും സാഹചര്യമൊരുങ്ങും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. എങ്കിലും ലോകരാജ്യങ്ങള്‍ക്കെതിരായി നില്‍ക്കാന്‍ താല്‍പര്യമില്ല എന്നതിനാലാണ് അയര്‍ലണ്ട് OECD കരാറിന് വഴങ്ങുന്നത്. കരാറുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ പൊതുജനാഭിപ്രായം തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സാമ്പത്തികമായ പ്രതിസന്ധികളുണ്ടെങ്കിലും കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായുള്ള ബജറ്റ് തുകയില്‍ കുറവ് വരുത്തില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഒക്ടോബറിലാണ് പുതിയ ബജറ്റ് അവതരണം.

Share this news

Leave a Reply

%d bloggers like this: