കോവിഡ് വാക്സിനുകൾ കലർത്തി ഉപയോഗിക്കാമോ? പഠനഫലം പുറത്തിവിടാനൊരുങ്ങി EMA

വിവിധ കോവിഡ് വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നത് വാക്‌സിന്‍ വിതരണം വര്‍ദ്ധിപ്പിക്കാനും, മികച്ച പ്രതിരോധശേഷി നല്‍കാനും സഹായകമാകുമോ എന്ന് The European Medicines Agency (EMA) പഠനം നടത്തുന്നു. മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലായി നടത്തിവരുന്ന പഠനത്തിന്റെ ഫലങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.

സ്‌പെയിന്‍, ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നടത്തിയ ആദ്യഘട്ട പഠനങ്ങള്‍, വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നത് തൃപ്തികരമായ പ്രതിരോധശേഷി നല്‍കുമെന്നും, സുരക്ഷിതമാണെന്നുമാണ് കാണിക്കുന്നതെന്ന് EMA വക്താവ് അറിയിച്ചു. എന്നാല്‍ heterologous vaccination strategy എന്നറിയപ്പെടുന്ന ഈ പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്.

ഗവേണഷണം വിജയമായാല്‍ adenovirus vector vaccine ആയ AstraZeneca-യുടെ ഒരു ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസായി Pfizer, Moderna പോലുള്ള mRNA വാക്‌സിന്‍ എടുക്കാന്‍ സാധിക്കും. ഒരു പ്രത്യേക വാക്‌സിനായി കാത്തിരിക്കാതെ ലഭ്യമായ വാക്‌സിനുകള്‍ തന്നെ പൂര്‍ണ്ണമായും ഉപയോഗിക്കാമെന്നതും നേട്ടമാണ്.

ഇതിനിടെ വാക്‌സിനുകള്‍ നല്‍കുന്ന സുരക്ഷ എത്രകാലം നീണ്ടുനില്‍ക്കുമെന്നും, പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍ ഒരു ഡോസ് കൂടി (vaccine booster shots) എടുക്കണമോ എന്നതും സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് EMA അറിയിച്ചു.

അതേസമയം യൂറോപ്പില്‍ Delta variant (B.1.617.2) പടരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം ദ്രുതഗതിയിലാക്കാന്‍ EMA അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെയുള്ള ആല്‍ഫ വകഭേദത്തെക്കാള്‍ 40-60% വ്യാപനശേഷി കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്ന് EMA പറയുന്നു.

Share this news

Leave a Reply

%d bloggers like this: