മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ കുടുങ്ങി മലയാളികൾ; സർക്കാർ വകുപ്പുകളിൽ നിന്നെന്ന വ്യാജേന പണമാവശ്യപ്പെട്ട് ഫോൺ കോളുകൾ ലഭിക്കുന്നത് നിരവധി പേർക്ക്; നഷ്ടമാകുന്നത് ആയിരക്കണക്കിന് യൂറോ

അയര്‍ലണ്ടില്‍ സാമൂഹികക്ഷേമ വകുപ്പ്, ധനകാര്യ വകുപ്പ്, ബാങ്ക്, ആശുപത്രികള്‍ എന്നിവയുടെയെല്ലാം പേരില്‍ വരുന്ന തട്ടിപ്പ് കോളുകളും ഇമെയില്‍ സന്ദേശങ്ങളും വ്യാപകമാകുന്നു. ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ നിന്നെന്ന പേരിലും ഇത്തരം കോളുകള്‍ വരുന്നുണ്ട്.

എന്തെങ്കിലും തരത്തില്‍ പണം നല്‍കാന്‍ ബാധ്യസ്ഥരാണ് എന്ന് ധരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ കോളിലൂടെ ചെയ്യുന്നത്. ഉദാഹരണമായി ഏതെങ്കിലും സേവനം ലഭിച്ചതിന്റെ ബാലന്‍സ് തുക, അല്ലെങ്കില്‍ ഒരു കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേര് ലഭിച്ചുവെന്നും മറ്റും പറഞ്ഞേക്കാം. പ്രശ്‌നം പരിഹരിക്കാനായി ഏതെങ്കിലും അക്കൗണ്ടിലേയ്ക്ക് പണം അടയ്ക്കണം എന്നാണ് പൊതുവെ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.

ഡബ്ലിനിലെ ഒരു മലയാളി യുവതിക്ക് ഇത്തരത്തില്‍ ധനകാര്യവകുപ്പിന്റെ പേരില്‍ വന്ന കോള്‍ വഴി 9,000 യൂറോയാണ് ആവശ്യപ്പെട്ടത്. തുടര്‍ച്ചയായ ഫോണ്‍ കോളുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന തരത്തില്‍ സംസാരിച്ചതോടെ ഇവര്‍ ബാങ്കിലെത്തി പണം നല്‍കാന്‍ തയ്യാറായി. എന്നാല്‍ പണം അയയ്ക്കുന്നതിന് തൊട്ടുമുമ്പ് തട്ടിപ്പാണെന്ന് വിദഗ്‌ദ്ധോപദേശം ലഭിച്ചതോടെ ഈ പണം പോകാതെ കാക്കാന്‍ അവര്‍ക്കായി.

ഡബ്ലിനില്‍ തന്നെ സമാനമായ നടന്ന ഒരു തട്ടിപ്പിലൂടെ ഒരാള്‍ക്ക് 18,000 യൂറോയും, മറ്റൊരാള്‍ക്ക് 5,000 യൂറോയുമാണ് നഷ്ടപ്പെട്ടത്. അയര്‍ലണ്ടിലെ നിയമസംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ തട്ടിപ്പുകാര്‍ പ്രത്യേകം ലക്ഷ്യമിടുന്നതായി സംശയമുണ്ട്. അയര്‍ലണ്ടിലേയ്ക്ക് കുടിയേറി 6 മാസം, ഒരു വര്‍ഷം മാത്രം ആയവരെയും കൂടുതലായി ലക്ഷ്യമിടുന്നതായാണ് വ്യക്തമാകുന്നത്. ഈ പണം അയയ്ക്കാന്‍ ആവശ്യപ്പെടുന്ന അക്കൗണ്ടുകള്‍ അയര്‍ലണ്ടിന് വെളിയിലാണെന്നുള്ളതിനാല്‍ തട്ടിപ്പ് നടന്നാലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

അയര്‍ലണ്ടിലെ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, ഗാര്‍ഡ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നൊന്നും പണം ആവശ്യപ്പെട്ട് ഇത്തരം കോളുകളോ, മെസോജുകളോ ലഭിക്കില്ലെന്ന് വിദ്ഗദ്ധര്‍ വ്യക്തമാക്കുന്നു. ഇത്തരം മെസേജുകള്‍ ലഭിക്കുകയാണെങ്കില്‍ അതിലെ ലിങ്ക് ക്ലിക്ക് ചെയ്യുകയോ, റിപ്ലൈ കൊടുക്കുകയോ ചെയ്യരുത് എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. വകുപ്പുകളുടെ പേരില്‍ കോളുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, ഇത്തരം കോളുകള്‍ വന്നാല്‍ ഒന്നുകില്‍ കട്ട് ചെയ്യുകയോ, അല്ലെങ്കില്‍ എടുത്ത ശേഷം മറുപടി പറയാതെ മിണ്ടാതിരിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പില്‍ പെടാതിരിക്കാന്‍ ചെയ്യേണ്ടത്. ഓട്ടോമേറ്റഡ് കോള്‍ ആണെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന സംഖ്യകളൊന്നും കീപ്പാഡില്‍ ടൈപ്പ് ചെയ്യാനും പാടില്ല.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ‘റോസ് മലയാളം’ അടക്കം നിരവധി മാധ്യമങ്ങളില്‍ പലതവണ മുന്നറിയിപ്പുകള്‍ വന്നിട്ടും മലയാളികളടക്കമുള്ളവര്‍ തുടര്‍ച്ചയായി തട്ടിപ്പിനിരയാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അയര്‍ലണ്ടിലെ നിയമപ്രകാരം ഒരു വകുപ്പും എന്തിന്റെ പേരിലായാലും ഇത്തരത്തില്‍ ഫോണ്‍ ചെയ്ത് അക്കൗണ്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ആവശ്യപ്പെടില്ല എന്ന കാര്യം മനസിലാക്കുക. കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് നഷ്ടപ്പെടാതിരിക്കുക.

ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ https://www.digitalrights.ie/, https://haveibeenpwned.com/ എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: സെന്‍ ബേബി

Share this news

Leave a Reply

%d bloggers like this: