വാക്സിനെടുക്കാത്തവർ 2 കി.മീ സഞ്ചാരപരിധിക്ക് സമാനമായ മുൻകരുതലുകൾ സ്വീകരിക്കണം; അയർലണ്ടിൽ ഇന്നലെ 994 കോവിഡ് രോഗികൾ; 20-25 പ്രായക്കാർക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ

അയർലണ്ടിൽ ഇന്നലെ 994 പേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ കടുത്ത നിർദ്ദേശങ്ങളുമായി സർക്കാർ. പ്രതിരോധ വാക്സിൻ എടുക്കാത്തവർ 2020 മാർച്ചിന് സമാനമായി 2 കി.മീ സഞ്ചാര പരിധി നിലനില്‍ക്കുന്നു എന്ന്‌ കരുതി വേണം ഇടപെടാൻ എന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. കോവിഡ്‌ കാരണം ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നതോടെ പല ആശുപത്രികളും സാധാരണ അപ്പോയ്ന്റ്മെൻറുകൾ ക്യാൻസൽ ചെയ്യേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ച 38 പേരായിരുന്നു കോവിഡ്‌ കാരണം ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതെങ്കിൽ, ഈ ആഴ്ച അത് 80 ആയി ഉയർന്നു. ഐസിയുവിൽ കഴിയുന്ന രോഗികളുടെ എണ്ണവും 13-ൽ നിന്നും 22 ആയി വർദ്ധിച്ചിട്ടുണ്ട്.

ഡെൽറ്റ വകഭേദമാണ് ഇപ്പോൾ രാജ്യത്ത് പടരുന്നതെന്നും വാക്സിൻ എടുക്കാത്ത എല്ലാവരും വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാവൂ എന്നും വരദ്കർ പറഞ്ഞു. മഹാമാരിയുടെ തുടക്ക കാലത്ത് പ്രായമേറിയവർക്കായിരുന്നു ഈ നിയന്ത്രണമെങ്കിൽ, ഇപ്പോൾ വാക്സിൻ എടുക്കാത്ത എല്ലാവർക്കും അത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങൾ കാരണം മുമ്പ് ഏറെപ്പേരുടെ ജീവൻ രക്ഷിക്കാനായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം രോഗികൾ വർദ്ധിക്കുന്നതിനിടെയും indoor dining-നു അനുമതി നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഈ മാസം അവസാനത്തോടെ മേഖല തുറക്കുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. അതോടൊപ്പം റെസ്റ്ററന്റുകൾക്കും പബ്ബുകൾക്കും അകത്തു ചെലവിടാവുന്ന പരമാവധി സമയം ഒരു മണിക്കൂർ 45 മിനിറ്റ് എന്നത് നീട്ടാനോ, മുഴുവനായി എടുത്തു കളയാനോ ആലോചനയുണ്ട്.

ഇതിനിടെ അനുമതി ലഭിച്ചാലും കുട്ടികളെ indoor dining-നു കൊണ്ടുപോകരുതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ടോണി ഹോലഹാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികൾക്ക് രോഗം പിടിപെടാതെ സൂക്ഷിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Indoor dining മേഖല പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ രാജ്യത്ത് മതപരമായ ചടങ്ങുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കാൻ Nphet-നോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 20-25 പ്രായക്കാ ര‍ക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: