അയർലണ്ടിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും ഇന്ന് മുതൽ കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്യാം

അയര്‍ലണ്ടില്‍ 18 വയസിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. mRNA ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച Pfizer, Moderna വാക്‌സിനുകള്‍ ലഭിക്കാനുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് വിജയകരമായി പൂര്‍ത്തിയായി വരുന്നതിനാലാണ് 18-ന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു. Viral vector ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച Johnson& Johnson വാക്‌സിന്‍ ഫാര്‍മസികളില്‍ നേരിട്ട് ബുക്ക് ചെയ്താല്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ HSE മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. 18-ന് മേല്‍ പ്രായമുള്ളവര്‍ക്കുള്ള AstraZeneca വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച ആരംഭിക്കുകയും ചെയ്തു.

നിലവില്‍ 5.3 മില്യണിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് നല്‍കിയതായാണ് കണക്ക്. പ്രായപൂര്‍ത്തിയായ 79% പേര്‍ ഭാഗികമായും, 65% പേര്‍ മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടു എന്ന് HSE തലവന്‍ Paul Reid പറഞ്ഞു. Our World in Data കണക്ക് പ്രകാരം, ജനസംഖ്യയ്ക്കനുസരിച്ച് 7 ദിവസത്തിനിടെ ഏറ്റവുമധികം കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നടക്കുന്ന രാജ്യവുമാണ് അയര്‍ലണ്ട്. 100 പേരില്‍ 1.27 പേര്‍ക്ക് എന്ന കണക്കിലാണ് നിലവില്‍ രാജ്യത്ത് ദിവസേന വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. രാജ്യത്ത് ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പേരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍.

Share this news

Leave a Reply

%d bloggers like this: