അയർലണ്ടിൽ indoor dining: സർക്കാർ മുന്നോട്ട് തന്നെ; കുട്ടികളുമായി വരുമ്പോഴുള്ള അകലം 2 മീറ്ററാക്കി വർദ്ധിപ്പിച്ചേക്കും

ഡെല്‍റ്റ വകഭേദം പടരുന്നതിനിടെ രാജ്യത്ത് അടുത്തയാഴ്ച മുതല്‍ indoor dining-ന് അനുമതി നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. റസ്റ്ററന്റുകള്‍ക്കും പബ്ബുകള്‍ക്കും അകത്ത് ചെലവഴിക്കാവുന്ന സമയപരിധി എടുത്തുകളയുമെങ്കിലും, ഇന്ന് ചേരുന്ന സര്‍ക്കാര്‍ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം വാക്‌സിന്‍ എടുക്കാത്ത കുട്ടികളും, സാമൂഹിക അകലവുമായിരിക്കും.

നേരത്തെ ഒരു കുടുംബത്തിന്/കൂട്ടത്തിന് പരമാവധി 105 മിനിറ്റാണ് റസ്റ്ററന്റിനകത്ത് പരമാവധി ചെലവഴിക്കാനുള്ള സമയമായി നിശ്ചയിച്ചിരുന്നത്. ഒപ്പം ഓരോ ടേബിളുകള്‍ തമ്മിലും ഒരു മീറ്റര്‍ അകലവും. എന്നാല്‍ പരമാവധി സമയം എന്ന നിയന്ത്രണം എടുത്തുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം രാത്രി 11.30-ന് ശേഷം റസ്റ്ററന്റുകളോ, പബ്ബുകളോ തുറക്കരുത് എന്ന നിയന്ത്രണം കര്‍ശനമാക്കും. ഇത് മാറ്റുന്ന കാര്യം പിന്നീട് ആലോചിക്കും. കുട്ടികളോടൊപ്പം വരുന്ന കുടുംബങ്ങളില്‍ നിന്നും മറ്റ് ടേബിളുകള്‍ 2 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുക എന്നത് കര്‍ശനമായി നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. വെന്റിലേഷന്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് നിരീക്ഷിക്കല്‍ അടക്കമുള്ള കാര്യങ്ങളിലും ഇന്ന് വ്യക്തത വരുത്തുമെന്ന് കരുതുന്നു. അകത്ത് പ്രവേശിക്കാന്‍ ഫോട്ടോ ഐഡി നിര്‍ബനന്ധമാക്കേണ്ടതുണ്ടോ എന്നതിലും ഇന്ന് തീരുമാനമെടുക്കും.

Indoor dining-ന് അനുമതി നല്‍കിയാലും കുട്ടികളെ കൊണ്ടുവരുന്നത് അപകടമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലഹാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റസ്റ്ററന്റ് മേഖലയിലെ ബിസിനസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനിടെയും indoor dining-ന് അനുമതി നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.

ജൂലൈ 26 തിങ്കളാഴ്ച മുതല്‍ indoor dining- ആരംഭിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വാക്‌സിന്‍ ചെയ്തതായി കാണിക്കുന്ന പേപ്പര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അകത്ത് പ്രവേശിക്കുന്നതിന് മുമ്പ് കാണിക്കണം. അതോടൊപ്പം റസ്റ്ററന്റ് അധികൃതര്‍ക്ക് ഉപഭോക്താക്കളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അറിയാനുള്ള ഒരു ആപ്പ് വികസിപ്പിച്ചെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.

അതേസമയം ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി ശ്രമിച്ച പലര്‍ക്കും കാലതാമസം നേരിട്ട സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും ഒന്നരമണിക്കൂറോളം ശ്രമിച്ച ശേഷമാണ് മറുപടി ലഭിച്ചത്. ഇത് മൂന്ന് മണിക്കൂറിലേറെ നീളുന്നതായും പരാതിയുണ്ട്. എന്നാല്‍ അത്യാവശ്യക്കാര്‍ മാത്രമേ ഹെല്‍പ്പ് ലൈന്‍ വഴി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാവൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനെടുത്തില്ലെങ്കിലും, കോവിഡ് മുക്തരായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി മാത്രമേ ലഭിക്കൂ എന്നതാണ് ഇവിടെ തിരക്ക് കൂടാന്‍ കാരണം. ഇത്തരത്തില്‍ 130,000-ഓളം പേര്‍ രാജ്യത്ത് സര്‍ട്ടിഫിക്കറ്റിന് യോഗ്യരായുണ്ടെന്നാണ് കണക്ക്.

Share this news

Leave a Reply

%d bloggers like this: