ആറ് മാസത്തിനിടെ കോവിഡ് മുക്തി നേടിയവർക്ക് ഇനി ഓൺലൈൻ വഴി സർട്ടിഫിക്കറ്റ്

അയര്‍ലണ്ടില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് മുക്തി നേടിയവര്‍ക്ക് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം. നിലവില്‍ ഫോണ്‍ വഴി മാത്രം ലഭിക്കുന്ന സേവനം ഇനിമുതല്‍ https://irishcovidcertportal.org/ എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും.

കഴിഞ്ഞ 180 ദിവസത്തിനിടെ കോവിഡ് ബാധിച്ച ശേഷം മുക്തി നേടി എന്ന് തെളിയിക്കാനായി, ഈ വെബ്‌സൈറ്റില്‍ നല്‍കിയ ഫോം പൂരിപ്പിച്ച് നല്‍കണം. RTPCR ടെസ്റ്റ് വഴി 6 മാസത്തിനിടെ (180 ദിവസം), അല്ലെങ്കില്‍ കഴിഞ്ഞ 11 ദിവസത്തിന് മുമ്പ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ടെസ്റ്റ് റിസല്‍ട്ട് പരിശോധിച്ച ശേഷം അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ഇമെയില്‍ ചെയ്ത് തരുന്നതാണ്. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് (EU Digital Covid Certtificate) സമാനമായി യാത്രകള്‍ക്കും, സന്ദര്‍ശനങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.

ഫോണ്‍ വഴി സര്‍ട്ടിഫിക്കറ്റ് സേവനം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസമാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. സര്‍ട്ടിഫിക്കറ്റിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കുന്ന പലര്‍ക്കും ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതായി പരാതിയുയര്‍ന്നിരുന്നു. അടുത്ത 10 ദിവസത്തിനിടെ വിദേശാത്ര നടത്താന്‍ പദ്ധതിയിടുന്നവര്‍ക്കാണ് ഇനിമുതല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍ഗണനയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: