അയർലണ്ടിലെ കെയർ ഹോമുകളിലെ കോവിഡ് മരണങ്ങൾ; ഔദ്യോഗിക അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

അയര്‍ലണ്ടിലെ കെയര്‍ ഹോമുകളില്‍ സംഭവിച്ച കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള 19 പേര്‍ സംയുക്തമായാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇവരില്‍ മിക്കവരുടെയും ബന്ധുക്കള്‍ കെയര്‍ ഹോമുകളില്‍ വച്ച് കോവിഡ് കാരണം മരണപ്പെട്ടവരാണ്. രാജ്യത്തെ കെയര്‍ ഹോമുകളില്‍ ഉണ്ടായ കോവിഡ് മരണങ്ങളില്‍ ഔദ്യോഗിക അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ ജൂണ്‍ 28-ന് ആരോഗ്യമന്ത്രി തീരുമാനമെടുത്തിരുന്നു.

കോവിഡ് ആരംഭിച്ചപ്പോള്‍ പല നഴ്‌സിങ് ഹോമുകളിലും അധികൃതര്‍ക്കുണ്ടായ വീഴ്ചയാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് കാരണമായതെന്ന ആരോപണം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഐറിഷ് ഭരണഘടനയും, മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കണവന്‍ഷനും ഇത്തരമൊരു അന്വേഷണത്തിന് സാധുത നല്‍കുന്നുണ്ടെന്നും ബന്ധുക്കള്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും, അതുവഴി ഭാവിയില്‍ ഇത്തരം വീഴ്ചകളുണ്ടാകാതിരിക്കാന്‍ സഹായകമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഔദ്യോഗിക അന്വേഷണം വേണ്ട എന്ന സര്‍ക്കാര്‍ നിലപാട് പൊതുതാല്‍പര്യത്തിന് എതിരാണെന്നും, അകാരണമാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.

സൊളിസിറ്റര്‍ Ronan Lavery ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യമന്ത്രി, സര്‍ക്കാര്‍, അറ്റോര്‍ണി ജനറല്‍ എന്നിവരെ പ്രതിചേര്‍ത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് Charles Meenan തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചു.

അതേസമയം കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്ക് വേണ്ടത്ര പരിചരണമോ, ചികിത്സയോ നല്‍കിയില്ല എന്ന് തെളിയിക്കുന്ന രേഖകളൊന്നും കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് Meenan നിരീക്ഷിച്ചു. പരാതിയില്‍ പറയും പ്രകാരമുള്ള രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് പറഞ്ഞ കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: