അയർലണ്ടിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അഖിലേഷ് മിശ്ര സ്ഥാനമേൽക്കും; സന്ദീപ് കുമാറിന് യാത്രയയപ്പ്

അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ അഖിലേഷ് മിശ്രയെ നിയമിച്ചു. നിലവിലെ അംബാസഡറായ സന്ദീപ് കുമാറിന് പരകരക്കാരനായി എത്തുന്ന മിശ്ര, 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഉടന്‍ തന്നെ അദ്ദേഹം അയര്‍ലണ്ടിലെത്തി പദവി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സെക്രട്ടറി തലത്തില്‍ 2021 മാര്‍ച്ച് മുതല്‍ പ്രത്യേക ചുമതല വഹിച്ചുവരികയാണ് അഖിലേഷ് മിശ്ര. മുമ്പ് 2020 ഫെബ്രുവരി മുതല്‍ 2021 മാര്‍ച്ച് വരെ Development Partnership Administration (DPA) അഡിഷണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വികസനപ്രവര്‍ത്തനങ്ങളുടെ ചുമതല മിശ്രയ്ക്കായിരുന്നു. 2019 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷക്കാലം Indian Council of Cultural Relations മേധാവിയായും പ്രവര്‍ത്തിച്ചു.

വിദേശകാര്യരംഗത്ത് മികച്ച അനുഭവപരിചമയമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അഖിലേഷ് മിശ്ര. നേരത്തെ മാലദ്വീപിലെ ഇന്ത്യന്‍ അംബാസഡറായും, മൂന്ന് വര്‍ഷക്കാലം കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യയുടെ കൗണ്‍സില്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്രൊയേഷ്യ, ഹോങ്കോങ്, പാരിസ്, കേപ്ടൗണ്‍, കാബൂള്‍ എന്നിവിടങ്ങളിലെ ദീര്‍ഘകാലസ വേനത്തിന് ശേഷം 2018-ലാണ് നിലവിലെ അംബാസഡറായ സന്ദീപ് കുമാര്‍ അയര്‍ലണ്ടിലെത്തുന്നത്. 1985 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നതിക്കും ക്ഷേമത്തിനുമായി മൂന്ന് വര്‍ഷക്കാലത്തോളം അശ്രാന്തപരിശ്രമം നടത്തിയ വ്യക്തിയായാകും ഓര്‍മ്മിക്കപ്പെടുക.

Share this news

Leave a Reply

%d bloggers like this: