ഹെയ്തിയിൽ ഭൂചലനം; 304 മരണം

കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ വന്‍ ഭൂകമ്പത്തില്‍ 304 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യതലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ നിന്നും 160 കി.മീ അകലെയാണ്. പ്രാദേശിക സമയം രാവിലെ 8.30-ഓടെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളാണ് ഉണ്ടായത്. 2000-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.

2010-ല്‍ ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 300,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പിന്നീട് 2018-ല്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

അതേസമയം ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യത്തെ തീരങ്ങളില്‍ സുനാമിയോ, മൂന്ന് മീറ്റര്‍ വരെ ഉയരുന്ന തിരമാലകളോ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പ്രധാനമന്ത്രി ഏരിയന്‍ ഹെന്റി രാജ്യം മുഴുവന്‍ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സിലും ചെറിയ ചലനം അനുഭവപ്പെട്ടെങ്കിലും മരണോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുന്‍കാലങ്ങളില്‍ ചുഴലിക്കാറ്റടക്കമുള്ള പ്രകൃതിദുരന്തങ്ങളും ഹെയ്ത്തിയില്‍ വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: