ഉറപ്പുകൾ പാഴ് വാക്കുകൾ മാത്രം; അഫ്ഗാനിൽ പ്രതിഷേധക്കാരെ താലിബാൻ വെടിവച്ചുകൊന്നു; സ്ത്രീകളെ മർദ്ദിച്ചു

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും, ആരോടും പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള വാഗ്ദാനങ്ങള്‍ പാഴ് വാക്കെന്ന് തെളിയിച്ച് അഫ്ഗാനിലെ താലിബാന്‍. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പതാകയുമായി ജലാലാബാദില്‍ പ്രതിഷേധപ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിന് നേരെ താലിബാന്‍ ഭീകരര്‍ വെടിവച്ചതായും, മൂന്ന് പേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. തല മറയ്ക്കാതെ പുറത്തിറങ്ങിയ ഒരു സ്ത്രീയെയും വെടിവച്ചുകൊന്നതായി ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഏതാനും സ്ത്രീകളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, സ്ത്രീകകളെയും അംഗങ്ങളാക്കുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് താലിബാന്‍ പഴയ തീവ്രവാദ സ്വഭാവം പുറത്തെടുത്തിരിക്കുന്നത്. സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുക, എതിര്‍ക്കുന്നവരെ ക്രൂരമായി വകവരുത്തുക തുടങ്ങിയ ഹീനമായ പ്രവൃത്തികളായിരുന്നു മുമ്പ് താലിബാന്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയത്. ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

ആയിരക്കണക്കിന് പേര്‍ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാനായി കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതായാണ് വിവരം. അതേസമയം ഇവിടുത്തെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 17 പേര്‍ക്ക് പരിക്കേറ്റു. മരണങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ യുഎസ് നിയന്ത്രണത്തിലാണ് എയര്‍പോര്‍ട്ട്. പാസ്‌പോര്‍ട്ടില്ലാത്തവരും താലിബാനെ ഭയന്ന് എയര്‍പോര്‍ട്ടില്‍ എത്തുന്നുണ്ട്.

ജലാലാബാദില്‍ താലിബാന്‍ പതാക താഴ്ത്തി അഫ്ഗാന്‍ പതാക ഉയര്‍ത്തിയവര്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്. ഈ സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടെലിവിഷന്‍ ക്യാമറാമാനെയും, പത്രപ്രവര്‍ത്തകരെയും താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചു.

അതേസമയം കാബൂളിന്റെ വടക്കന്‍ പ്രദേശമായ പഞ്ച്ഷിര്‍ താഴ് വരയില്‍ താലിബാന്‍ വിരുദ്ധരായ പോരാളികള്‍ ഒത്തുകൂടിയതായാണ് റിപ്പോര്‍ട്ട്. മുമ്പ് യുഎസ് സൈന്യവുമായി ചേര്‍ന്ന് താലിബാനെതിരെ യുദ്ധം നയിച്ചവരാണ് ഇവര്‍. നിലവില്‍ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രദേശവുമാണ് ഇവര്‍ തമ്പടിച്ചിരിക്കുന്ന പഞ്ച്ഷിര്‍. മുന്‍ സര്‍ക്കാര്‍ അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടെന്നാണ് വിവരം. എന്നാല്‍ താലിബാനെതിരെ ഇവര്‍ പ്രതിരോധം തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ആയുധമേന്തിയ താലിബാന്‍ ഭീകരര്‍ വീടുകകളില്‍ കയറി മുമ്പ് യുഎസിനും, സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിച്ചവരെ തിരയുന്നതായാണ് റിപ്പോര്‍ട്ട്.

അഫ്‌നാനില്‍ ഇസ്ലാമിക സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് താലിബാന്‍ നേതാവ് അനസ് ഹഖാനി, മുന്‍ പ്രസിന്റ് ഹമീദ് കര്‍സായി എന്നിവര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: