കോവിഡ് ഇളവുകൾ പടിപടിയായി; അയർലണ്ടിൽ ഒക്ടോബർ 22 മുതൽ മാസ്ക് ഒഴിവാക്കാൻ ധാരണ

അയര്‍ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത തിങ്കളാഴ്ച മുതല്‍ പടിപടിയായി എടുത്തുകളയുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. അതേസമയം വൈറസ് ബാധയില്‍ നിന്നും പൂര്‍ണ്ണമുക്തി നേടാന്‍ സാധിച്ചുവെന്ന് പറയാറായിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് വ്യക്തമാക്കിയ മാര്‍ട്ടിന്‍, സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നിയന്ത്രണത്തിലെ ഇളവുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ഇളവുകള്‍ സംബന്ധിച്ച പ്രധാന തീയതികള്‍ ചുവടെ:

സെപ്റ്റംബര്‍ 1 മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മുഴുവന്‍ കപ്പാസിറ്റിയോടെ പ്രവര്‍ത്തനമാരംഭിക്കും. നേരത്തെ 75% വരെ ആയിരുന്നു കപ്പാസിറ്റി നിയന്ത്രണം.

സെപ്റ്റംബര്‍ 6 മുതല്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് അനുമതി നല്‍കും. തിയറ്റര്‍, സംഗീതപരിപാടികള്‍ എന്നിവയ്ക്കും അനുമതി. ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി കപ്പാസിറ്റിയുടെ 60% പേര്‍ക്കും, ഔട്ട്‌ഡോര്‍ പരിപാടികളില്‍ 75% വരെ ആളുകള്‍ക്കും പങ്കെടുക്കാം.

ഇതിന് പുറമെ ആദ്യ കുര്‍ബാന അടക്കമുള്ള മതപരമായ ചടങ്ങുകള്‍ക്കും ഈ ദിവസം മുതല്‍ അനുമതിയുണ്ട്. മതപരിപാടികളില്‍ പരമാവധി 50% കപ്പാസിറ്റിയില്‍ ആളുകള്‍ക്ക് പങ്കെടുക്കാം.

തൊഴിലാളികള്‍ക്ക് ജോലിസ്ഥലങ്ങളിലേയ്ക്ക് തിരികെയെത്താനുള്ള തീയതിയായി നിലവില്‍ തീരുമാനിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 20 ആണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മേഖലയില്‍ കൂടുതല്‍ ഇളവുകളും ഈ ദിവസം മുതല്‍ പ്രതീക്ഷിക്കാം.

ഒക്ടോബര്‍ മാസത്തോടെ 16 വയസിന് മേല്‍ പ്രായമുള്ള എല്ലാവരും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷയില്‍, എല്ലാ ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ നിയന്ത്രണങ്ങളും ഒക്ടോബര്‍ 22 മുതല്‍ ഇളവ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മതപരവും മറ്റുമായ ചടങ്ങുകള്‍ക്കും പൂര്‍ണ്ണ ഇളവ് ലഭിച്ചേക്കും.

ആളുകള്‍ക്ക് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒക്ടോബര്‍ 22 മുതല്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആശുപത്രികളടക്കമുള്ള ആരോഗ്യസംവിധാനങ്ങള്‍, പൊതുഗതാഗത സംവിധാനം, കടകളുടെ ഉള്‍വശം എന്നിവിടങ്ങളില്‍ തുടര്‍ന്നും മാസ്‌ക് ധരിക്കേണ്ടതായി വരും.

ഇതിനിടെ ഇന്നലെ 1,382 പേര്‍ക്കാണ് അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 355 പേരാണ് രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നത്.

Share this news

Leave a Reply

%d bloggers like this: