ചിറകുവിരിച്ച് സർക്കാരിന്റെ സ്വപ്ന പദ്ധതി; 2030-ഓടെ 3 ലക്ഷം വീടുകൾ; വർഷം 4 ബില്യൺ യൂറോ വീതം ചെലവിടും

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായുള്ള സര്‍ക്കാരിന്റെ ‘Hosuing For All’ പദ്ധതിക്കായി ഓരോ വര്‍ഷവും ചെലവിടുക 4 ബില്യണ്‍ യൂറോ. ഭവനമന്ത്രി Darragh O’Brien ആണ് വിശദമായ പദ്ധതി അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക്, ഓരോ വര്‍ഷവും 4 ബില്യണ്‍ വീതമാണ് പദ്ധതിക്കായി നീക്കിവയ്ക്കുക. ഇത്തരത്തില്‍ 2030-ഓടെ രാജ്യത്ത് 300,000 വീടുകള്‍ ലഭ്യമാക്കുകയും, കാലങ്ങളായി തുടരുന്ന ഭവനപ്രതിസന്ധിക്ക് അറുതി വരുത്തുകയുമാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

രാജ്യത്ത് ‘മുമ്പില്ലാത്ത വിധം’ എന്നാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഈ സ്വപ്‌നപദ്ധതിയെ വിശേഷിപ്പിച്ചത്. ഭവനപ്രതിസന്ധി എന്നത് സാമൂഹിക അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പദ്ധതിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമായി പിന്തുണച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികളുടെ തുടര്‍ച്ച മാത്രമാണ് ഈ പദ്ധതിയെന്നും, രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഭവനപ്രതിസന്ധി നേരിടാന്‍ ഇത് പര്യാപ്തമാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പദ്ധതി പ്രകാരമുള്ള കെട്ടിടനിര്‍മ്മാണത്തിന്റെ ചുമതല Land Development Agency (LDA)-ക്കായിരിക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ആകെ ലഭ്യമാക്കുന്ന 300,000 വീടുകളില്‍ 90,000 എണ്ണം സോഷ്യല്‍ ഹൗസുകളും, 36,000 എണ്ണം അഫോര്‍ഡബിള്‍ പദ്ധതിക്ക് കീഴിലും, 18,000 എണ്ണം cost-rental scheme പ്രകാരം ഉള്ളവയും ആയിരിക്കും. 156,000 എണ്ണം സ്വകാര്യമേഖലയില്‍ നിന്നും ആയിരിക്കും.

ഐറിഷ് ചരിത്രത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഏറ്റവും വലിയ നിര്‍മ്മാണപദ്ധതിയായിരിക്കും ഇതെന്ന് മന്ത്രി O’Brien പദ്ധതി പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒറ്റമൂലിയൊന്നുമില്ലെന്നും, ഒറ്റ രാത്രികൊണ്ട് പരിഹാരം അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭവനരാഹിത്യം’ 2030-ഓടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: